ഭൂമിയില്‍ നിന്നും 4 ബില്ല്യണ്‍ മൈല്‍ അകലെ മറ്റൊരു ലോകം; പേര് അരോകോത്ത്

0
291

ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഭൂമിയില്‍ നിന്നും ഏറ്റവും ദൂരെയുള്ള മറ്റൊരു ലോകത്തിന് ഒടുവില്‍ ഔദ്യോഗിക നാമകരണം നടത്തി നാസ. അരോകോത്ത് എന്നാണ് ഈ വിദൂര ലോകത്തിന് നാസ നല്‍കിയ പേര്. സ്വദേശി അമേരിക്കക്കാരായ പോവ്ഹാതന്‍ ജനതയുടെ ഭാഷയില്‍ ഇതിന് ആകാശം എന്നാണര്‍ത്ഥം.

പ്ലൂട്ടോ പര്യവേഷണം നടത്തി മൂന്നര വര്‍ഷം പിന്നിട്ടപ്പോഴാണ് മഞ്ഞുമനുഷ്യന്റെ രൂപത്തിലുള്ള അരോകോത്തിന് സമീപത്ത് കൂടെ നാസയുടെ ന്യൂ ഹൊറൈസോണ്‍സ് ബഹിരാകാശ പേടകം സഞ്ചരിച്ചത്. ആ സമയത്ത് 1 ബില്ല്യണ്‍ മൈല്‍ അകലെയുള്ള ഈ ചെറിയ മഞ്ഞുറഞ്ഞ ലോകത്തിന് അള്‍ട്ടിമ ടുലെ എന്നാണ് താല്‍ക്കാലികമായി പേര് നല്‍കിയത്. നമ്മളില്‍ നിന്നുള്ള ദൂരക്കൂടുതല്‍ പരിഗണിച്ചാണ് ഇൗ പേരിട്ടത്.

ആകാശങ്ങളിലേക്ക് നോക്കുന്നതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അരോകോത്ത് എന്ന പേര് തെരഞ്ഞെടുത്തതെന്ന് സൗത്ത് വെസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ അലന്‍ സ്റ്റേണ്‍ പറഞ്ഞു. 2014-ല്‍ കണ്ടെത്തിയ വിദൂര ലോകത്തിന് അരോകോത്ത് എന്ന പേര് നല്‍കാന്‍ പോവ്ഹാതന്‍ ആദിവാസികളുടെ മുതിര്‍ന്നവരുടെയും, പ്രതിനിധികളുടെയും അനുമതി നേടിയെന്ന് നാസ പറഞ്ഞു.

അന്താരാഷ്ട്ര ബഹിരാകാശ യൂണിയനും, മൈനര്‍ പ്ലാനറ്റ് സെന്ററും അംഗീകരിച്ചതോടെയാണ് അരോകോത്ത് എന്ന പേര് ഉറപ്പിച്ചത്.