എന്തെങ്കിലും തീരുമാനിച്ചാല്‍ അത് ചെയ്ത് കാണിക്കുന്ന ശീലമുണ്ട്; പാകിസ്ഥാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
279

വെള്ളം സംബന്ധിച്ച വിഷയത്തില്‍ പാകിസ്ഥാനെ കുത്തിനോവിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തെങ്കിലും ഒരു തീരുമാനം എടുത്താല്‍ അത് നടപ്പാക്കി കാണിക്കുന്നതാണ് ശീലമെന്നാണ് ഹിസാറിലെ റാലിയില്‍ പങ്കെടുക്കവെ പ്രധാനമന്ത്രി വ്യക്തമാക്കിയത്. പുഴയുടെ നീരൊഴുക്ക് വഴിതിരിച്ച് വിടാനുള്ള ഇന്ത്യയുടെ ഏത് നീക്കവും കൈയേറ്റമായി കണക്കാക്കുമെന്ന് വ്യാഴാഴ്ച ഇസ്ലാമാബാദ് പറഞ്ഞിരുന്നു.

ഇതിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി മോദി. ‘എന്തെങ്കിലും ഒരു കാര്യം ചെയ്യാന്‍ തീരുമാനിച്ചാല്‍, അത് പൂര്‍ത്തിയാക്കും. ഹരിയാനയിലെ കര്‍ഷകര്‍ക്ക് അവകാശമുള്ള വെള്ളം പാകിസ്ഥാനിലേക്ക് പോകാന്‍ അനുവദിക്കില്ല. ഞാന്‍ മോദിയാണ്, ഇതും പൂര്‍ത്തിയാക്കും. ഇതിന് ആവശ്യമായ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു’, പ്രധാനമന്ത്രി വ്യക്തമാക്കി.

കുടിക്കാനും, കൃഷിക്കും ആവശ്യമായ വെള്ളം ലഭ്യമാക്കാന്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ 3.5 ലക്ഷം കോടി രൂപയാണ് ഗവണ്‍മെന്റ് നിക്ഷേപിക്കുന്നത്. ‘ജല്‍ ജീവന്‍ മിഷന് കീഴിലാണ് ഇത് നടപ്പാക്കുക. നമ്മുടെ അമ്മമാരും, സഹോദരങ്ങളും, കര്‍ഷകരും വെള്ളത്തിന്റെ കുറവ് നേരിടുന്നത് ഒഴിവാക്കണം. കാലാവസ്ഥയെ മാത്രം ആശ്രയിക്കുന്ന കര്‍ഷകരുടെ രീതിയെ മാറ്റാനാണ് ശ്രമം’, മോദി കൂട്ടിച്ചേര്‍ത്തു.

ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാടുന്നത്.