ഏതാനും വര്‍ഷം മുന്‍പ് വരെ എച്ച്ഐവി ബാധിതരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകറ്റിനിര്‍ത്തുന്ന ഒരു പ്രവണത വ്യാപകമായിരുന്നു. എന്നാല്‍ അത്തരം ചിന്തകളെ കാറ്റില്‍പ്പറത്തുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ ഹൃദയം തകര്‍ക്കുന്നത്. അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും, ബിജെപി മുതിര്‍ന്ന നേതാവുമായ സുഷ സ്വരാജ് കേരളത്തില്‍ നിന്നുമുള്ള രണ്ട് കുട്ടികളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതാണ് ചിത്രം.
എച്ച്ഐവിയുമായി ബന്ധപ്പെട്ട തെറ്റായ ചിന്തകളെ അവസാനിപ്പിച്ച് കൊണ്ടാണ് സുഷമ സ്വരാജ് അന്ന് ആ കുട്ടികളെ കെട്ടിപ്പുണര്‍ന്നത്. 2003-ല്‍ ഇന്ത്യയുടെ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു അവര്‍. എയ്ഡ്സ് തൊടുന്നത് കൊണ്ടും, കെട്ടിപ്പിടിക്കുന്നത് കൊണ്ടും പകരുന്ന രോഗമല്ല, സമൂഹം ഇത് പഠിക്കണം, അന്നത്തെ സുഷമ സ്വരാജിന്റെ വാക്കുകള്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ കുട്ടികളുടെ മുത്തശ്ശന് കാണുന്നതോടെയാണ് ഈ വിഷയം ദേശീയ ശ്രദ്ധയിലെത്തുന്നത്. കുട്ടികള്‍ എച്ച്ഐവി പോസിറ്റീവ് ആയതോടെ സ്കൂളില്‍ പഠിക്കാന്‍ പോലും അവസരമില്ലെന്ന് അറിയിച്ചു. ഇതോടെയാണ് സുഷമ സ്വരാജ് സഹായഹസ്തവുമായി എത്തിയത്.
തന്റെ പേരക്കുട്ടികളുടെ ജീവിതമാണ് സുഷമയുടെ ആ ആലിംഗനം കൊണ്ട് മാറ്റിമറിയ്ക്കപ്പെട്ടതെന്ന് ഇവരുടെ 70 വയസ്സുള്ള മുത്തശ്ശി ഓര്‍മ്മിക്കുന്നു. ‘ആ ഒറ്റ കാരണം കൊണ്ടാണ് മാസത്തിലുള്ള സാമ്പത്തിക സഹായം പോലും ലഭിച്ചത്, അവരെ പഠിപ്പിക്കാന്‍ സാധിച്ചത്. ഒരിക്കലും ഞങ്ങള്‍ അത് മറക്കില്ല’, മുത്തശ്ശി സാലമ്മ പറയുന്നു.
എച്ച്ഐവി ബാധിതരായ എന്റെ രണ്ട് പേരക്കുട്ടികളെ പൊതുസമൂഹത്തിന് മുന്നില്‍ വെച്ച് അവര്‍ സഹായിച്ചില്ലായിരുന്നെങ്കില്‍ ജീവിതം ദുസ്സഹമായേനെയെന്ന് സുഷമ സ്വരാജിന്റെ വേര്‍പാടില്‍ ഞെട്ടല്‍ രേഖപ്പെടുത്തവെ ആ മുത്തശ്ശി കൂട്ടിച്ചേര്‍ത്തു. കുട്ടികളില്‍ ഒരാള്‍ 2010-ല്‍ എയ്ഡ്സ് ബാധയ്ക്ക് കീഴടങ്ങി. സഹോദരന് 23 വയസ്സ് അടുത്ത് തികയും.