അക്ഷരസ്ഫുടതയില്ലാതെ സംസാരിച്ചാല്‍ ‘നാക്കുവടിച്ചില്ലേ’ എന്ന് ചോദിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഓലയുടെ ഈര്‍ക്കില്‍ കീറിയെടുത്ത് നാക്കുവടിച്ച് മിനുക്കിയ കാലത്ത് നിന്ന് ടംഗ്ക്ലീനര് എന്ന ഇരുമ്പ് കഷ്ണത്തിലേക്ക് നീങ്ങിയ നമ്മള് ഇപ്പോള്‍ നാക്കുവടിക്കുന്നത് തന്നെ നിര്‍ത്തിയിരിക്കുന്നു. നാക്കുവടിച്ചാല് രസമുകുളങ്ങള്‍ നഷ്ടമാകുമെന്ന് ഇടക്കാലത്തെ ഉപദേശമാണ് ഈ മാറ്റത്തിലേക്ക് നയിച്ചത്.
എന്നാല്‍ പല്ലുതേക്കുന്നത് പോലെ പ്രധാനമാണ് നാക്കിന്റെ വൃത്തിയെന്നതാണ് വാസ്തവം. ബലം പ്രയോഗിച്ച് നാക്കിലെ തൊലി കീറിയെടുക്കാതെ ബ്രഷ് ഉപയോഗിച്ചോ, ടംഗ്ക്ലീനര് പോലുള്ളവ ഉപയോഗിച്ചോ മൃദുമായി ഈ കര്‍മ്മം നിര്‍വ്വഹിക്കാം.
പല്ല് തേക്കുന്നത് വഴി ഇവിടെയുള്ള ഭക്ഷ്യഭാഗങ്ങളും, ബാക്ടീരിയയും നീക്കം ചെയ്യപ്പെടും. പക്ഷെ ചില ബാക്ടീരിയകള്‍ നാവിലാണ് വസിക്കുന്നത്. ഇത് വൃത്തിയാക്കിയില്ലെങ്കില്‍ പല്ല് കേടുവരാന്‍ വഴിയൊരുക്കും. പല്ലുതേച്ച ശേഷം ബ്രഷ് ഉപയോഗിച്ച് തന്നെ നാവും വൃത്തിയാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
നാവ് വൃത്തിയാക്കാത്തവരില്‍ ഇതിന്റെ നിറം മാറി, ഭക്ഷ്യസാധനങ്ങളുടെ അവശിഷ്ടവും, ബാക്ടീരിയയും തങ്ങിനില്ക്കും. ഇത് ഒഴിവാക്കി ഭംഗിയുള്ള നാക്ക് നിലനിര്‍ത്താന്‍ വൃത്തിയാക്കല്‍ ശീലമാക്കേണ്ടതാണ്. ഭക്ഷണത്തിന്റെ സ്വാദ് അറിയിക്കുന്ന നാവില്‍ ഇതേ ഭക്ഷണങ്ങള്‍ ആവരണം തീര്‍ക്കുന്നുണ്ട്. സ്വാദ് തിരിച്ചറിയുന്നത് തടയാന്‍ ഇത് കാരണമാകും. നേരത്തെ പറഞ്ഞ വൃത്തിയാക്കലാണ് ഇത് ഒഴിവാക്കാനുള്ള പോംവഴി.
പല്ല് എത്ര തേച്ചിട്ടും വായ്നാറ്റം മാറുന്നില്ലെന്ന് പരാതി പറയുന്നവരും നാവിന്റെ വൃത്തി ശ്രദ്ധിക്കാത്തവരാണ്. നാവില്‍ നിലനില്‍ക്കുന്ന ബാക്ടീരിയയാണ് ദുര്‍ഗന്ധം പുറത്തുവിടാന്‍ കാരണം. ഇതിനെല്ലാം പുറമെ നാക്ക് വൃത്തിയായി ഇരിക്കുമ്പോഴാണ് ഉമിനീര് കൃത്യമായി ഉത്പാദിപ്പിക്കപ്പെടുന്നതിനൊപ്പം ദഹനം ശരിയായി നടക്കുകയും ചെയ്യുക.