പുകവലി കഴിഞ്ഞുള്ള വായിന്റെ ചീഞ്ഞനാറ്റം എങ്ങിനെ ഒഴിവാക്കാം?

0
442

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. സ്വന്തം ആരോഗ്യം മാത്രമല്ല ചുറ്റുമുള്ളവരുടെ ആരോഗ്യത്തിനും ഈ ശീലം പ്രശ്‌നമാണ്. പാക്കറ്റില്‍ ഇത് എഴുതിവെച്ചും, ചിത്രം വലുതാക്കി കാണിച്ചുമൊക്കെയാണ് വില്‍പ്പനയെങ്കിലും പുകവലിക്കുന്നവര്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കും.

എന്നാല്‍ പുകവലി മൂലമുള്ള മറ്റൊരു ദൂഷ്യഫലമാണ് വായ്‌നാറ്റം. പുകവലിക്കുന്നവരുടെ വായില്‍ നിന്നുള്ള ഈ രൂക്ഷമായ ബന്ധം കാര്യങ്ങള്‍ പ്രശ്‌നമാണെന്നതിന്റെ സൂചനയാണ്. ഇത് ഒഴിവാക്കാന്‍ സ്വയം പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ദിവസേന വൃത്തിയായി പല്ലുതേക്കുക എന്നത് വലിയൊരളവില്‍ സഹായിക്കും. നൂല്‍ ഉപയോഗിച്ച് വൃത്തിയാക്കുന്ന തരത്തിലുള്ള രീതികളും, മൗത്ത്‌വാഷും പ്രയോജനപ്പെടുത്താം. നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് പുകവലിച്ചതിന് ശേഷം. പുകവലി മൂലം വായില്‍ രൂപപ്പെടുന്ന കെമിക്കലുകള്‍ ഒഴിവാക്കാന്‍ വെള്ളം സഹായിക്കും. കൂടാതെ പല്ലിന്റെയും, മോണയുടെയും ആരോഗ്യം സംരക്ഷിക്കും.

പുകവലിക്കുന്ന ഉടനെ പല്ലുതേക്കുന്നത് ബുദ്ധിമുട്ടാകും. അതിന് ഒരു പോംവഴിയാണ് മധുരരഹിതമായ ച്യൂയിംഗ് ഗം. ഇതുവഴി വായില്‍ കൂടുതല്‍ തുപ്പല്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും അഞ്ച് മിനിറ്റെങ്കിലും ച്യൂയിംഗ് ഗം ചവച്ച ശേഷം വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.

മേല്‍പ്പറഞ്ഞ വഴികള്‍ താല്‍ക്കാലിക പരിഹാരമാണെങ്കിലും പ്രശ്‌നം നീണ്ടുനിന്നാല്‍ ഉറപ്പായും ഒരു ഡെന്റിസ്റ്റിനെ കാണണം. ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ ആദ്യം കണ്ടെത്താന്‍ ഡെന്റിസ്റ്റിന് സാധിക്കും.