വീട് വിറ്റ് മകള്‍ക്കായി ഗ്രൗണ്ട് വാങ്ങി ഒരച്ഛന്‍; ഇന്ത്യന്‍ ടീമില്‍ ഇടംനേടി മകള്‍ സ്വപ്‌നം സഫലമാക്കി; കൊടുക്കണം ഒരു ബിഗ് സല്യൂട്ട്

  0
  529
  Priya Punia with father Surendra

  ചില വാര്‍ത്തകള്‍ നമ്മുടെ കണ്ണ് നനയ്ക്കും, ചിലത് ഇതോടൊപ്പം പ്രോത്സാഹനവും നല്‍കും. ചരിത്രം രചിക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടംനേടിയ ബാറ്റര്‍ പ്രിയ പൂനിയയുടെ കഥയും ഇത്തരത്തില്‍ ഒന്നാണ്. രാജസ്ഥാന്‍ ചുരു സ്വദേശിനിയായ ഈ 22-കാരിക്ക് ഈ മാസം ആദ്യമാണ് ഇന്ത്യന്‍ വനിതാ ടി20 ടീമിലേക്ക് വിളിവന്നത്.

  ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ടീമിലാണ് പ്രിയ പൂനിയയ്ക്ക് ഇടം ലഭിച്ചത്. ഏറെ നാളത്തെ പോരാട്ടമാണ് പ്രിയയ്ക്ക് ഈ നേട്ടം സമ്മാനിച്ചത്. പ്രിയയുടെ അധ്വാനത്തോടൊപ്പം കുടുംബത്തിന്റെ ത്യാഗങ്ങളും ഈ നേട്ടത്തിന് വഴികാണിച്ചു. മകളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനായി വീടുവിറ്റ് പ്രിയയുടെ പിതാവ് സുരേന്ദ്ര ഒരു ഗ്രൗണ്ട് ഉണ്ടാക്കിയെന്ന് കേള്‍ക്കുമ്പോഴാണ് ഈ ത്യാഗത്തിന്റെ ആഴം മനസ്സിലാകുക.

  ജയ്പൂരില്‍ 22 ലക്ഷത്തിന് ഒരു സ്ഥലം വാങ്ങി ഇവിടെ പിച്ചും നെറ്റ്‌സും സൃഷ്ടിച്ചാണ് സുരേന്ദ്ര മകള്‍ക്ക് പരിശീലം നല്‍കിയത്. ജയ്പൂരിലെ ക്രിക്കറ്റ് അക്കാഡമിയില്‍ ചേരാന്‍ എത്തിയ പ്രിയയെ അവിടുത്തെ കോച്ച് അപമാനിച്ച് വിടുകയായിരുന്നു. അപമാനം സഹിക്കാതെ വന്നതോടെ പ്രിയ പരിശീലനത്തില്‍ നിന്നും വിട്ടുനിന്നു.

  ഇതോടെയാണ് സുരേന്ദ്ര ഗ്രൗണ്ട് വാങ്ങി പിച്ചുണ്ടാക്കിയത്. ഗ്രൗണ്ട്‌സ്മാന്‍ 1 ലക്ഷം രൂപ ചോദിച്ചതോടെ പിച്ചും പിതാവ് സ്വന്തമായി ഉണ്ടാക്കി. ഇവിടെ പരിശീലനം നടത്തിയ പ്രിയയ്ക്ക് മുന്നില്‍ ഇനിയുമുണ്ടായിരുന്നു പ്രതിബന്ധനങ്ങള്‍. മൂന്ന് മാസം മഞ്ഞപ്പിത്തം ബാധിച്ച് നഷ്ടമായി, പിന്നാലെ വിരലൊടിഞ്ഞു. മകള്‍ തളരുന്നുവെന്ന് തിരിച്ചറിഞ്ഞ നിമിഷത്തില്‍ കോച്ചായി സുരേന്ദ്ര റോള്‍ ഏറ്റെടുത്തു.

  ഒടുവില്‍ ആ കുടുംബത്തിന്റെ അധ്വാനം ഫലം കാണുക തന്നെ ചെയ്തു. പ്രിയ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി അണിഞ്ഞ് ഗ്രൗണ്ടിലെത്തുകയാണ്. പുച്ഛിച്ച് വിട്ട ആ കോച്ചിന് ഇപ്പോള്‍ മനഃസ്താപം തോന്നിക്കാനും!