മണി ഹീസ്റ്റ്, സ്പാനിഷില്‍ യഥാര്‍ത്ഥ നാമം ലാ കാസാ ഡി പാപെല്‍. നെറ്റ്ഫ്ളിക്സിലെ ഈ ക്രൈം ത്രില്ലര്‍ സീരിസിനെക്കുറിച്ച് സംസാരിക്കുന്ന ഒരു കൂട്ടുകാരനെങ്കിലും നിങ്ങള്‍ക്കിടയില്‍ കാണും. 2017-ല്‍ ആദ്യ സീസണ് പുറത്തിറങ്ങിയ ശേഷം മണി ഹീസ്റ്റ് അതിന്റെ നാലാം സീസണില്‍ എത്തിനില്‍ക്കുകയാണ്. ഓണ്‍ലൈന്‍ സ്ട്രീമിംഗ് വമ്പന്റെ ഇംഗ്ലീഷ് ഇതര ഭാഷയില്‍ ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ നേടിയ സീരീസ് കൂടിയാണ് മണി ഹീസ്റ്റ്.
‘മണി ഹീസ്റ്റ് കണ്ടാല്‍ പിന്നെ കൊവിഡ്-19നെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കില്ല’, ഷോയുടെ ക്രിയേറ്റര്‍ അലക്സ് പീനയുടെ ഈ വാക്കുകളിലുണ്ട് ആ സീരീസിന്റെ വിജയം. പീനയുടെ ഈ ആത്മവിശ്വാസം ഒട്ടും അധികമല്ലെന്ന് ഈ കൊറോണ കാലത്ത് പോലും സമ്മതിച്ച് കൊടുക്കേണ്ടി വരും. പ്രത്യേകിച്ച് പുറത്തിറങ്ങാതെ വീടുകളില്‍ തുടരുന്ന ലോകജനത സീസണ് 4ന്റെ വിജയം ഇരട്ടിയാക്കിയെന്ന് പറയാം.

മണി ഹീസ്റ്റ് കാണാത്തവരുണ്ടോ?
നഗരങ്ങളുടെ പേരുകള്‍ കോഡ് നാമങ്ങളായി സ്വീകരിച്ച ഒരു സംഘം, അവരുടെ നേതാവായി ഓപ്പറേഷന് നേതൃത്വം നല്കി പ്രൊഫസര്‍, ചുവപ്പ് കുപ്പായങ്ങളും, സാല്‍വഡോര്‍ ഡാലി മാസ്കുകളുമായി അവര്‍ ഇറങ്ങിത്തിരിച്ചത് സ്പെയിനിലെ പണം പ്രിന്റ് ചെയ്യുന്ന റോയല്‍ മിന്റില്‍ അതിക്രമിച്ച് കടക്കാനാണ്. അവിടെയുള്ള 67 പേരെ ബന്ദികളാക്കി, സ്വന്തമായി 2.4 ബില്ല്യണ്‍ യൂറോ പ്രിന്റ് ചെയ്യുക. മറ്റുള്ളവരുടെ കൈയില്‍ നിന്നും മോഷ്ടിക്കാതെ, സാധാരണക്കാരനെ ബാധിക്കാതെ, എത്തിക്സ് കാണിക്കുന്ന ഒരു മോഷണം. സര്‍ക്കാരിനും, സിസ്റ്റത്തിനും, പോലീസിനും എതിരെയുള്ള ചെറുത്തുനില്‍പ്പ് കൂടിയാണ് ഇവര്‍ക്ക് ഈ കവര്‍ച്ച.
2008-ലെ സാമ്പത്തിക പ്രതിസന്ധിയാണ് മണി ഹീസ്റ്റിന് വഴിയൊരുക്കിയത്. സ്പാനിഷ് ടെലിവിഷന്‍ ശൃംഖലയായ ആന്റെന 3യ്ക്ക് വേണ്ടി ഒരുക്കിയ മിനി സീരീസായിരുന്നു യഥാര്‍ത്ഥത്തില്‍ മണി ഹീസ്റ്റ്. എന്നാല്‍ സ്പാനിഷ് ചാനലില്‍ ഈ മിനി സീരീസ് വിജയിച്ചില്ല. പക്ഷെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് വമ്പനായ നെറ്റ്ഫ്ളിക്സിന്റെ ശ്രദ്ധയില്‍ ഇതുപെട്ടു. 2017 മെയ് 2ന് ചാനല്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങിയ മണി ഹീസ്റ്റിന്റെ അവകാശം സ്വന്തമാക്കിയ അവര്‍ 2017 ഡിസംബര്‍ 20ന് രണ്ട് സീസണായി തിരിച്ച് റിലീസ് ചെയ്തു. രണ്ടാം ഭാഗം 2018 ഏപ്രില്‍ 6നും പ്രീമിയര്‍ ചെയ്തു.

മണി ഹീസ്റ്റിലെ കഥാപാത്രങ്ങള്‍ സൂപ്പറാ…
പ്രൊഫസര്‍, ടോക്യോ, ബെര്‍ലിന്‍ എന്നിങ്ങനെ ഓരോ കഥാപാത്രങ്ങളെയും ആരാധകര്‍ നെഞ്ചിലേറ്റുവാങ്ങി. ഒരു ഓണ്‍ലൈന്‍ സീരീസിന് ആഗോള പ്രീമിയര്‍ നല്‍കുകയും, അവസാന സീരീസ് പുറത്തിറങ്ങുമ്പോഴേക്കും ഗ്യാംഗിന്റെ മാസ്കുകള്‍ വിതരണം ചെയ്യുന്ന അവസ്ഥയുണ്ട്. വിവിധ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് ഇവരുടെ വേഷവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാം എത്രത്തോളം സ്വാധീനം കഥാപാത്രങ്ങള്‍ ചെലുത്തിയെന്ന്. ഫ്രഞ്ച് നഗരമായ നാന്റെസില്‍ യഥാര്‍ത്ഥ കവര്‍ച്ചയ്ക്ക് പോലും ഈ വേഷം ഉപയോഗിച്ചു. ഷോയ്ക്ക ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള അര്‍ജന്റീനയില്‍ കുട്ടികള്‍ക്ക് ഈ കഥാപാത്രങ്ങളുടെ പേര് നല്‍കുന്നതും ശ്രദ്ധേയമാണ്.
എന്ത് കൊണ്ടാണ് മണി ഹീസ്റ്റ് ഇത്രയും ഹിറ്റായത്?
‘ആദ്യത്തെ ചാപ്റ്റന്‍ കണ്ടാല്‍ നിങ്ങള്‍ സ്വയം നഷ്ടമാകും’, പ്രൊഫസറായി എത്തുന്ന ആല്‍വാരോ മോര്‍ട്ടെ പറയുന്നു. സാധാരണ കവര്‍ച്ച, ത്രില്ലര്‍ കഥകള്‍ക്കും, കഥാപാത്രങ്ങള്‍ക്കും ഇല്ലാത്ത സവിശേഷ ഭാവം നല്കാന് നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു. ഓരോരുത്തര്‍ക്കും ഈ മോഷണത്തിന് ഇറങ്ങാന്‍ സവിശേഷമായ കാരണങ്ങളുണ്ട്. ഓരോ കഥാപാത്രങ്ങളും പച്ചമനുഷ്യന്റേതായ ഗുണങ്ങളും, കുറവുകളുമുണ്ട്. അതിനെല്ലാം ഉപരിയായി ഒരു സംഘമായി ചേരുമ്പോള്‍ വിശ്വസ്തത കാണിക്കാനുള്ള ശ്രമങ്ങളുണ്ട്.

മണി ഹീസ്റ്റ് സീസണ് 5 കാത്തിരിക്കുന്ന അപകടം
യഥാര്‍ത്ഥത്തില്‍ 22 എപ്പിസോഡുകളായി ഒരുക്കി അവസാനിപ്പിക്കേണ്ട ഒരു കഥയാണ് നാല് സീസണുകളിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. കഥാപാത്രങ്ങള്‍ ആരാധകര്‍ക്ക് പോലും ഏറെ പരിചിതമായ ആളുകളായി മാറിക്കഴിഞ്ഞു. ഈ സമയത്ത് കഥാപാത്രങ്ങള്‍ എഴുത്തുകാരുടെ കൈവിട്ട് പോകാനുള്ള സാധ്യത ഏറെയാണ്. പ്രതീക്ഷ ഉയരത്തിലാകുമ്പോള്‍ ചെറിയൊരു വീഴ്ച ആളുകള്‍ക്ക് നിരാശ സമ്മാനിക്കും.
ഓരോ കഥാപാത്രങ്ങള്‍ക്കും ഇനിയും ട്വിസ്റ്റുകള്‍ സമ്മാനിക്കാന്‍ കഴിയുമെന്ന് മണി ഹീസ്റ്റിന്റെ എഴുത്തുകാര്‍ ആവര്‍ത്തിക്കുന്നു. ഈ വാക്കുകള്‍ സത്യമായാല്‍ സീസണ് 5-വും കടന്ന് മണി ഹീസ്റ്റ് കുതിക്കും. നിലവിലെ വിവരങ്ങള്‍ പ്രകാരം 2021 ഏപ്രിലില്‍ മണി ഹീസ്റ്റ് സീസണ് 5 റിലീസ് ചെയ്യും. രണ്ട് ഭാഗങ്ങള്‍ ഒരുമിച്ച് ഷൂട്ട് ചെയ്ത് രണ്ട് സീസണായി റിലീസ് ചെയ്യുന്നതാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ രീതി. അതുകൊണ്ട് ആറാം ഭാഗം 2021 ഡിസംബറിലും വന്നേക്കാം.