തമിഴ് താരം വിജയ്, അദ്ദേഹത്തെ മലയാളികള്‍ ആദ്യമായി ഇഷ്ടപ്പെട്ട് തുടങ്ങുന്നത് ‘തുള്ളാത മനവും തുള്ളും’ എന്ന ചിത്രത്തിലൂടെയാണ്. പിന്നെ ഖുഷി, ഷാജഹാന് തുടങ്ങി ഹൃദ്യമായ നിരവധി ചിത്രങ്ങള്‍. പക്ഷെ 2000ന് ഇപ്പുറത്തേക്ക് താരത്തിന്റെ കഥാപാത്രങ്ങളുടെ മേക്ക്അപ്പ് വരെ കുറഞ്ഞു, ഒപ്പം രക്ഷകന്റെ മേലങ്കിയും എടുത്തണിഞ്ഞു. പിന്നീടുള്ള വര്‍ഷങ്ങളില്‍ നന്പന് ഒഴികെയുള്ള ചിത്രങ്ങളെല്ലാം ഈ വിധം രക്ഷകന് തന്നെ.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ റിലീസ് ചെയ്ത വിജയ് ചിത്രങ്ങള്‍ മെഗാ ഹിറ്റുകളാണ്. 2017-ല്‍ മെര്‍സല്‍, 2018-ല്‍ സര്‍ക്കാര്‍, 2019-ല്‍ ബിഗില്‍. എവിടെ നിന്നെന്ന് അറിയാതെ വരുന്ന കഥാപാത്രങ്ങള്‍, എവിടെയും കയറിച്ചെല്ലാനും, ആരെ വേണമെങ്കിലും ഭീഷണിപ്പെടുത്താനും, ആരെ കൊന്നാലും കേസുമില്ലാത്ത അവസ്ഥയാണ് വിജയ് ചിത്രങ്ങളുടെ അടിസ്ഥാന ഘടകം. എന്നാല്‍ തികച്ചും സാധാരണക്കാരനുമായിരിക്കും. സമൂഹത്തില്‍ നടക്കുന്ന തിന്മകളെ ചോദ്യം ചെയ്യുന്ന കഥാപാത്രത്തിന് നിയമം ഒരു പ്രശ്നമല്ലെന്ന് വേണമെങ്കില്‍ വാദിക്കാം.
ഇത്രയൊക്കെ മോശമായിരുന്നിട്ടും എങ്ങിനെയാണ് വിജയ് ചിത്രങ്ങള്‍ കോടികള്‍ കൊയ്യുന്നത്? അതൊരു ന്യായമായ ചോദ്യം. മുന്‍പ് പറഞ്ഞത് പോലെ രക്ഷകന്റെ റോള്‍ തന്നെയാണ് എല്ലാ ചിത്രങ്ങളിലും താരത്തിനുള്ളത്. അതിന്റെ മേഖല മാത്രം മാറുന്നുവെന്നതാണ് വസ്തുത. ഉദാഹരണത്തിന് 2017-ല്‍ പുറത്തിറങ്ങിയ മെര്‍സല്‍ ശ്രദ്ധിക്കാം. ഒന്നും, രണ്ടുമല്ല മൂന്ന് വേഷങ്ങളാണ് വിജയ് ചിത്രത്തില്‍ എടുത്ത് അണിഞ്ഞത്. ആറ്റ്ലിയുടെ സംവിധാനത്തില്‍ 120 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ മേന്മ ടെക്നിക്കല്‍ കാര്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു. രക്ഷകനെ കൂടുതല്‍ വലിയ ക്യാന്‍വാസില്‍ കാണിക്കാന്‍ ഈ ബജറ്റ് സഹായകമായി.
ചിത്രത്തില്‍ ജിഎസ്ടി സംബന്ധിച്ച് ഒരു ഡയലോഗുണ്ട്. ഈയൊരു ഡയലോഗിനെ ചുറ്റിപ്പറ്റി കത്തിച്ച വിവാദത്തിന്റെ ചുവടുപിടിച്ചാണ് മെര്‍സല്‍ ദേശീയ ശ്രദ്ധയിലേക്ക് തന്നെ ഉയര്‍ന്നത്. വിവാദം ആളിക്കത്തിക്കാന്‍ അണിയറക്കാര്‍ ഇടയ്ക്കിടെ എരിതീയില്‍ എണ്ണയൊഴിച്ചപ്പോള്‍ പെട്ടിയില്‍ വന്നുവീണത് 260 കോടി.
2018-ല്‍ സര്‍ക്കാര്‍ ഇറങ്ങിയപ്പോഴും ഇത് തന്നെ സംഭവിച്ചു. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വോട്ടും, രാഷ്ട്രീയവും ചര്‍ച്ചയാക്കിയപ്പോള്‍ അവസ്ഥ പതിവ് തന്നെ. എന്നിട്ടും ചിത്രത്തിന് 200 കോടിക്ക് മുകളില്‍ കളക്ഷന്‍. വ്യാജവോട്ട് സംബന്ധിച്ച് വിവാദം സൃഷ്ടിച്ച്, ഭരണപക്ഷമായ എഐഎഡിഎംകെയെ വിവാദത്തില്‍ ഇറക്കിയാണ് സര്‍ക്കാര്‍ മാര്‍ക്കറ്റിംഗ് നടത്തി കോടികള്‍ കൊയ്തത്.
2019-ല്‍ വീണ്ടുമൊരു വിജയ് ചിത്രവുമായി ആറ്റ്ലി. ചന്തയില്‍ ഇടികൂടുന്നതിനൊപ്പം ഫുട്ബോളില്‍ മാസ്മരികത കാണിക്കുന്ന ബിഗില്‍. ഇക്കുറി രക്ഷപ്പെടുത്താന്‍ എത്തിയത് വനിതാ ഫുട്ബോള്‍ ടീമിനെ. സ്ത്രീകളെ കായികരംഗത്തേക്ക് എത്താന്‍ പ്രോത്സാഹിപ്പിക്കുന്ന പ്രമേയമെന്നൊക്കെ പേരിന് പറയാമെങ്കിലും ഇത്തവണ അവര്‍ മാര്‍ക്കറ്റ് ചെയ്തത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചാണ്. ഈ ചടങ്ങില്‍ നായകനേക്കാള്‍ പ്രധാനം സംഗീത സംവിധായകന് (ഈ ചിത്രത്തില്‍ അത് പാവം എആര്‍ റഹ്മാനായിരുന്നു) ആണെങ്കിലും ഓഡിയോ ലോഞ്ചില്‍ ആരാധകര്‍ക്കായി വിജയ് കാത്തുവെച്ചത് ‘എന്‍ നെഞ്ചില്‍ കുടി ഇറുക്കും…’ എന്നുതുടങ്ങുന്ന ആ പ്രംസംഗം തന്നെയായിരുന്നു. തന്റെ ആരാധകരുടെ മേല്‍ കൈവെയ്ക്കരുത്, കായിക മേഖലയില്‍ നിന്നും രാഷ്ട്രീയം ഒഴിച്ചുനിര്‍ത്തണം തുടങ്ങി സ്റ്റൈലന്‍ പ്രസംഗം കേട്ടിരിക്കാനാണ് ഓഡിയോ ലോഞ്ചില്‍ റഹ്മാന് ആകെ ഉണ്ടായിരുന്ന പണി.
180 കോടി ബജറ്റില്‍ നിര്‍മ്മിച്ച സര്‍ക്കാര്‍ 300 കോടി കളക്ഷനാണ് നേടിയത്. യഥാര്‍ത്ഥത്തില്‍ ഈ ചിത്രങ്ങളുടെയെല്ലാം കാതല്‍ എന്താണെന്ന് ചിന്തിച്ചാല്‍ ഒരേയൊരു ഉത്തരം തന്നെ, രക്ഷകന്. വിജയ് കഥാപാത്രങ്ങള്‍ ആരെ, എപ്പോള്‍ വേണമെങ്കിലും രക്ഷിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍ പൊതുവെയുള്ളത്. നായകനെ വലുതാക്കി കാണിക്കാന്‍ തന്നെയാണ് ബജറ്റ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കുള്ള സന്ദേശത്തെ മുന്‍നിര്‍ത്തിയാണ് പുറത്തിറങ്ങുന്നതെങ്കിലും വിജയ് എന്ന നടന്റെ രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള ചവിട്ടുപടികള്‍ തന്നെയാണ് ഈ സിനിമകള്‍. ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍ ഇതില്‍ നിന്നും വ്യത്യസ്തമായ സിനിമ ആകുമെന്ന് ആശിക്കാം.