‘വിട്ടുകളയണ്ടാ’; ലോക്ക്ഡൗണിന് നന്ദി; യുട്യൂബില്‍ അവതാരപ്പിറവിയായി അര്‍ജെയൂവിന്റെ ‘നിര്‍ത്തിപ്പൊരിക്കല്‍’

Arjyou youtuber Tiktok roaster turns big hit

0
601

കണ്ണടയും, തൊപ്പിയും വെച്ച് ചെവിയില്‍ ഒരു ഹെഡ്‌ഫോണും കുത്തിവെച്ച് ഒരുത്തന്‍ മൈക്കിന് മുന്നില്‍ നിന്ന് പ്രസംഗിക്കുന്നു. ശ്ശെടാ, ഇതെന്ത് പരിപാടി എന്ന് ചിന്തിക്കാന്‍ വരട്ടെ. ചെക്കന്‍ ദിവസങ്ങള്‍ കൊണ്ട് കയറി അങ്ങ് ഹിറ്റായി, എവിടെ അങ്ങ് യുട്യൂബില്‍. ഹിറ്റെന്ന് അങ്ങനെ ചെറിയ ഹിറ്റൊന്നുമല്ല. ബംബര്‍ ഹിറ്റ് തന്നെ. അര്‍ജെയൂ (Arjyou) എന്ന യുട്യൂബ് ചാനലിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.

യുട്യൂബര്‍ അര്‍ജ്ജുന്‍ സുന്ദരേശനാണ് ലോക്ക്ഡൗണ്‍ കാലത്ത് പണിയൊപ്പിച്ചത്. രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയ ചാനല്‍ വലിയ അനക്കമൊന്നും ഇല്ലാതെ ഇരിക്കുമ്പോഴാണ് ലോക്ക്ഡൗണ്‍ എത്തിച്ചേര്‍ന്നത്. വെളുപ്പിന് ഉറങ്ങുക, ഉച്ചയ്ക്ക് എഴുന്നേല്‍ക്കുക, ഗെയിം കളിക്കുക എന്നിങ്ങനെയുള്ള പരിപാടികളുമായി മുന്നോട്ട് പോകുമ്പോഴാണ് അര്‍ജ്ജുന്റെ തലയില്‍ ആശയം ഉദിച്ചത്. ന്യൂട്ടന്റെ തലയില്‍ ആപ്പിളാണ് വീണതെങ്കില്‍ ലോക്ക്ഡൗണിന്റെ ഇടവേള ചെറുക്കന്റെ തലയില്‍ ബള്‍ബുകള്‍ മിന്നിച്ചു.

ടിക്ക്‌ടോക്കില്‍ ആയിരക്കണക്കിന് വീഡിയോകള്‍ മിന്നിമറിഞ്ഞ് ദിവസേന പോകുന്നുണ്ട്. ഇത്തരത്തില്‍ ‘വെറുപ്പിക്കല്‍’ പരിപാടി നടത്തുന്ന ടിക്ക്‌ടോക്കന്‍മാരെയും, ടിക്ക്‌ടോക്കത്തികളെയും നിരത്തിപ്പിടിച്ച് പൊരിച്ചെടുക്കലാണ് അര്‍ജ്ജുന്‍ സുന്ദരേശന്റെ റോസ്റ്റിംഗ് വീഡിയോസ്. കൂട്ടുകാരാണ് ടിക്ക്‌ടോക്കിലെ വീഡിയോകള്‍ അയച്ചുനല്‍കുന്നതെന്ന് അര്‍ജ്ജുന്‍ പറയുന്നു. എന്തായാലും അര്‍ജെയു റോസ്റ്റിംഗ് മലയാളികള്‍ ഏറ്റെടുത്തെന്ന് കുതിച്ചുയര്‍ന്ന ചാനല്‍ സബ്‌സക്രൈബേഴ്‌സിന്റെ എണ്ണം ചൂണ്ടിക്കാണിക്കുന്നു.

ഒരാഴ്ച കൊണ്ട് പോസ്റ്റ് ചെയ്ത നാല് വീഡിയോകളാണ് അര്‍ജ്ജുനെ യുട്യൂബില്‍ തരംഗമായി മാറ്റിയത്. ഇന്‍സ്റ്റാഗ്രാമിലും വന്‍തോതില്‍ ഫോളോവേഴ്‌സ് എത്തി. ഇതോടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ഇടങ്ങളില്‍ നിരവധി ആരാധക ഗ്രൂപ്പുകളും, വ്യാജ പ്രൊഫൈലുകളും പൊട്ടിമുളച്ചിട്ടുണ്ട്. പ്യൂഡീപൈ പോലുള്ള യുട്യൂബര്‍മാര്‍ വിജയിപ്പിച്ച രീതിയില്‍ അഭിപ്രായം പറച്ചിലാണ് അര്‍ജ്ജുന്‍ സുന്ദരേശന്‍ എന്ന ആലപ്പുഴക്കാരനെ യുട്യൂബിലെ ‘പൊളിസാനം’ ആക്കിമാറ്റിയത്, അതുകൊണ്ട് ‘വിട്ടുകളയണ്ടാ’!