ഒടുവില്‍ വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് യുവ അണികളുടെ ആവശ്യം നേതൃത്വം അംഗീകരിച്ചതായി സൂചന. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളായി പ്രതിനിധീകരിക്കുന്ന കെ.വി. തോമസിന് പകരം ഇക്കുറി ഹൈബി ഈഡന് മത്സര രംഗത്ത് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. കെ.വി. തോമസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയതിന് പിന്നാലെ എറണാകുളത്ത് രാത്രി ചേര്‍ന്ന യോഗത്തില്‍ ഹൈബി ഈഡന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചതായി ശ്രോതസ്സുകള്‍ വെളിപ്പെടുത്തി.
അവസാന നിമിഷം വരെ സീറ്റ് നിലനിര്‍ത്താന്‍ കെ.വി. തോമസ് ശ്രമിച്ചിരുന്നു. തനിക്ക് എതിരാളിയായി ഹൈബി ഈഡന്റെ പേര് പരിഗണിക്കുന്നു എന്ന് മനസ്സിലാക്കിയത് മുതല്‍ എറണാകുളത്ത് തന്റെ കര്‍മ്മശേഷി വെളിപ്പെടുത്തുന്ന കൂറ്റന്‍ ഹോര്‍ഡിംഗുകളും, മറ്റ് പ്രചരണങ്ങളും കെവി തോമസ് ആരംഭിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് എംപി ഈ പരിപാടി നടത്തിയത് യുവാക്കളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു.
ഇതോടെയാണ് പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന നിലപാടിലേക്ക് അദ്ദേഹം ചുവടുമാറ്റിയത്. കെവി തോമസ് വര്‍ഷങ്ങളായി വിജയിക്കുന്നുവെന്നതിനാല് അദ്ദേഹത്തോട് പൊതുവെ ജനങ്ങള്‍ക്കിടയില്‍ വിയോജിപ്പുകളുണ്ട്. സിപിഎം ഇക്കുറി എറണാകുളത്ത് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നുവെന്നത് കോണ്‍ഗ്രസിന് കാര്യങ്ങള്‍ കടുപ്പവുമാക്കും. ഈ സാഹചര്യത്തിലാണ് പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ട് ഹൈബി ഈഡനെ എറണാകുളം മണ്ഡലത്തില്‍ മത്സരത്തിന് ഇറക്കുന്നത്.
മുന്‍ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് മുന്നേറ്റം നേടാമെന്ന കണക്കുകൂട്ടലുകള്‍ക്ക് ഹൈബി ഈഡന്റെ സ്ഥാനാര്‍ത്ഥിത്വം കനത്ത പ്രതിരോധം തീര്‍ക്കുമെന്നും ഉറപ്പാണ്. പ്രത്യേകിച്ച് ക്രിസ്തീയ വോട്ടുകള്‍ എറണാകുളത്ത് വിജയസാധ്യത ഉറപ്പാക്കുന്ന ഘടകം കൂടിയാണ്.