മുഖത്ത് താടിയുണ്ടോ, എങ്കില്‍ നിങ്ങള്‍ക്കും കെജിഎഫില്‍ അഭിനയിക്കാം. ഈ പ്രഖ്യാപനം കേട്ടതോടെ മുഖത്ത് താടി ഫിറ്റ് ചെയ്തവരെല്ലാം ബെംഗളൂരുവിലെ മല്ലേശ്വരത്തോക്ക് കുതിച്ചെത്തി. ബ്ലോക്ബസ്റ്റര്‍ ചിത്രമായ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സിന്റെ രണ്ടാം ഭാഗത്തിലേക്കാണ് യുവാക്കളെ തേടിയത്. മല്ലേശ്വരത്തെ സ്വകാര്യ ഹോട്ടലിന് മുന്‍വശത്ത് 1 കിലോമീറ്റര്‍ നീളത്തിലാണ് താടിവെച്ച യുവാക്കളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടത്.
മറ്റ് ആളുകള്‍ക്ക് എന്തിനാണ് ഈ ക്യൂ എന്ന് ആദ്യം പിടികിട്ടിയില്ല. പിന്നെയാണ് കെജിഎഫില്‍ അഭിനയിക്കാനാണ് വെയില് കൊള്ളുന്നതെന്ന് തിരിച്ചറിയുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യാഷ് നായകനായ ചിത്രത്തിന്റെ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. ഇതോടെയാണ് കെജിഎഫിലെ വില്ലന്‍ വേഷക്കാരില്‍ ഇടംപിടിക്കാന്‍ യുവാക്കള്‍ ഓടിയെത്തിയത്.

ചിലര്‍ കര്‍ണ്ണാടകയ്ക്ക് പുറത്ത് നിന്ന് പോലും എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈനില്‍ നല്കിയ കാസ്റ്റിംഗ് കോളിന് 4000-ഓളം പേര് എത്തിയെന്ന് ചിത്രത്തിന്റെ ക്രിയേറ്റീവ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ പറഞ്ഞു. ആകെ 10 പേരെയാണ് വിവിധ റോളുകള്‍ക്കായി ആവശ്യമുണ്ടായിരുന്നത്.
നായകന് മുതല്‍ വില്ലന്മാര് വരെയുള്ളവരുടെ താടിയാണ് കെജിഎഫിലെ കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്തമായ ലുക്ക് നല്‍കിയത്. 2020-ലാണ് രണ്ടാം ഭാഗം റിലീസ് ചെയ്യുക.