62 പന്ത് 162 റണ്‍സ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അഫ്ഗാന്‍ താരത്തിന്റെ റെക്കോര്‍ഡ് വെടിക്കെട്ട്; വീഡിയോ

0
374

ക്രിക്കറ്റിലെ ബേബികള്‍ എന്നാണ് പൊതുവെ പുതിയ ടീമുകളെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പിച്ചവെച്ച് എത്തിയ അഫ്ഗാനിസ്ഥാന്‍ ഈ വിശേഷണങ്ങള്‍ക്ക് അപ്പുറമാണ് തങ്ങളുടെ സ്ഥാനമെന്ന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ചും കഴിഞ്ഞു. മികവേറിയ ബൗളിംഗും, ബാറ്റിംഗുമായി അഫ്ഗാന്‍ താരങ്ങള്‍ ലോക ക്രിക്കറ്റില്‍ ഇടംനേടിക്കഴിഞ്ഞു. ഒടുവിലായി ഇതാ ഒരു അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍ അതിവേഗം റെക്കോര്‍ഡ് പുസ്തകത്തിലും എത്തിയിരിക്കുന്നു.

ഹസ്രത്തുള്ള സസായിയാണ് കേവലം 62 പന്തില്‍ 162 റണ്‍സ് കുറിച്ച് ഞെട്ടിച്ചത്. അയര്‍ലണ്ടിന് എതിരെ നടന്ന ടി20യിലാണ് സസായിയുടെ വെടിക്കെട്ട്. ഈ മിക്ച സ്‌കോറിംഗിന്റെ സഹായത്തോടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 278 റണ്‍ നേടിയ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗിന് ഇറങ്ങിയ അയര്‍ലണ്ട് 84 റണ്‍ അകലെ തോല്‍വി ഏറ്റുവാങ്ങി.

ടി20യിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറി തികച്ചാണ് ഹസ്രത്തുള്ള സസായി റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചത്. 16 സിക്‌സറുകളാണ് ഇന്നിംഗ്‌സില്‍ താരം പറത്തിയത്. ആരോണ്‍ ഫിഞ്ച് 2013-ല്‍ സതാംപ്ടണില്‍ കുറിച്ച 14 സിക്‌സുകളുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. മൂന്നാമത്തെ ഓവര്‍ മുതലാണ് സസായി തന്റെ ബാറ്റില്‍ തീകൊളുത്തിയത്. 25 പന്തില്‍ അര്‍ദ്ധസെഞ്ചുറി, 42 പന്തില്‍ നൂറ്, ഒടുവില്‍ 62 പന്തില്‍ 162 എന്നിങ്ങനെയായിരുന്നു സസായിയുടെ സ്‌കോറിംഗ് നില.

അഫ്ഗാന്‍ വെടിക്കെട്ടില്‍ പകച്ചുപോയ അയര്‍ലണ്ട് ബൗളര്‍മാര്‍ ഇന്നിംഗില്‍ 14 വൈഡുകളും എറിഞ്ഞുകൂട്ടി.