പത്തില്‍ പത്ത് സ്വന്തമാക്കിയ സ്പിന്‍ മാന്ത്രികന് ഇന്ന് 49-ാം പിറന്നാള്‍

0
293

ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റും വീഴ്ത്തിയ ഒരേയൊരു ഇന്ത്യന്‍ ബൗളറും, ലോകത്തിന്റെ രണ്ടാമത്തെ ബൗളറുമായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ 49-ാം പിറന്നാള്‍ ആഘോഷിക്കുന്നു. കുംബ്ലെയ്ക്ക് ആശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് സമൂഹം ആഘോഷമൊരുക്കുകയാണ്.

1970 ഒക്ടോബര്‍ 17നായിരുന്നു ഇന്ത്യയുടെ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള ബൗളറുടെ ജനനം. കര്‍ണ്ണാടകത്തില്‍ നിന്നെത്തിയ കുംബ്ലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറായി മാറി.

1999 ഫെബ്രുവരിയില്‍ പാകിസ്ഥാനെതിരെ ഡല്‍ഹി ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടിലാണ് അനില്‍ കുംബ്ലെ ചരിത്രം കുറിച്ച പ്രകടനം നടത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്ഥാന്റെ എല്ലാ വിക്കറ്റും വീഴ്ത്തി ഇന്ത്യക്ക് 212 റണ്‍ വിജയമാണ് അദ്ദേഹം സമ്മാനിച്ചത്. മത്സരത്തില്‍ 149 റണ്ണിന് 14 വിക്കറ്റായിരുന്നു കുംബ്ലെയുടെ സമ്പാദ്യം. ആ പരിശ്രമത്തിന്റെ സഹായത്തില്‍ 19 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി ഇന്ത്യ പാകിസ്ഥാനെ ടെസ്റ്റില്‍ തോല്‍പ്പിക്കുകയായിരുന്നു.

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുഖ്യ കോച്ചായി നിയമിതനായ അനില്‍ കുംബ്ലെ 132 ടെസ്റ്റും, 271 ഏകദിനങ്ങളും കളിച്ചു. ഇതില്‍ 619, 337 വിക്കറ്റുകളും താരം ഇന്ത്യക്കായി നേടി. 1990 ഏപ്രില്‍ 25ന് അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയ കുംബ്ലെ 2008 നവംബര്‍ 2ന് വിരമിച്ചു.