അനാഥര്‍ക്ക് ഭക്ഷണം ഉണ്ടാക്കി വിളമ്പുന്ന മുത്തശ്ശന്‍; യുട്യൂബര്‍ സൂപ്പര്‍താരം ഗ്രാന്‍ഡ്പായുടെ വെളിച്ചം കെടില്ല

  0
  312

  അനാഥര്‍ക്ക് ഭക്ഷണം വിളമ്പുന്ന പല യുട്യൂബര്‍മാരെയും കേരളത്തില്‍ നിന്ന് പോലും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അനാഥര്‍ക്ക് ഭക്ഷണം വിളമ്പാന്‍ വേണ്ടി മാത്രം പാചകം ചെയ്ത ഒരു മുത്തശ്ശനുണ്ട് യുട്യൂബില്‍, ലോകം മുഴുവനും ഗ്രാന്‍ഡ്പാ എന്ന് സ്‌നേബത്തോടെ വിളിച്ച നാരായണ റെഡ്ഡി.

  ഇദ്ദേഹം വിപുലമായ രീതിയില്‍ പുറത്തിരുന്ന് പാചകം ചെയ്യുന്നത് കാണാന്‍ ലോകം മുഴുവന്‍ യുട്യൂബില്‍ കയറി. തന്റെ പാചകകല വെളിപ്പെടുത്തുന്ന ഇദ്ദേഹത്തിന്റെ ഗ്രാന്‍ഡ്പാ കിച്ചണ്‍ ചാനല്‍ കണ്ട് സബ്‌സ്‌ക്രൈബ് ചെയ്തവരുടെ എണ്ണം രണ്ട് വര്‍ഷം കൊണ്ട് 6 മില്ല്യണ്‍ എത്തിയെന്ന് പറഞ്ഞാല്‍ കാര്യം പിടികിട്ടുമല്ലോ.

  അങ്ങ് ഹൈദരാബാദില്‍ നിന്നും പാകം ചെയ്ത രുചികരമായ വിഭവങ്ങള്‍ പ്രദേശത്തെ അനാഥര്‍ക്കും, പാവങ്ങള്‍ക്കും വെച്ചുവിളമ്പിയത് കണ്ണുനിറച്ച് ഹൃദയം നിറച്ചാണ് ലോകം കണ്ടത്. 73-ാം വയസ്സില്‍ അദ്ദേഹം വിടവാങ്ങുമ്പോള്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. ബുധനാഴ്ച റെഡ്ഡിയുടെ അന്ത്യകര്‍മ്മങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയും ചാനല്‍ പോസ്റ്റ് ചെയ്തു.

  എന്നും വലിയ രീതിയില്‍ ഭക്ഷണം ഒരുക്കിയ മുത്തശ്ശന്റെ രീതിയാണ് യുട്യൂബില്‍ അദ്ദേഹത്തെ താരമാക്കിയതെന്ന് പേരക്കുട്ടി ശ്രീകാന്ത് റെഡ്ഡി പറഞ്ഞു. മുത്തശ്ശന്റെ ചാനല്‍ സംഭവമായതോടെ കുടുംബാംഗങ്ങള്‍ ജോലി വരെ രാജിവെച്ചാണ് ഒപ്പം ചേര്‍ന്നത്. ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യകാര്യങ്ങള്‍ അനാഥര്‍ക്ക് ഉള്‍പ്പെടെ എത്തിക്കുകയാണ് ഈ കുടുംബത്തിന്റെ ദൗത്യം.

  മരണത്തിലേക്ക് ഗ്രാന്‍ഡ്പാ നടന്നുപോയെങ്കിലും പേരക്കുട്ടികള്‍ ചാനല്‍ മുന്നോട്ട് നയിക്കും, വിശക്കുന്ന ഒരുപാട് വയറുകള്‍ക്കായി.