ചില്ലറ അത്ര നിസാരക്കാരനല്ല ; 1 രൂപ അടിച്ചിറക്കാന്‍ സര്‍ക്കാരിന് ചെലവ് 1.11 രൂപ!

govt spends rs 1.11 to mint a re 1 coin

0
422

ചില്ലറ പൈസയുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ വിനിമയത്തില്‍ ബാക്കിയുള്ളത് ചില്ലറ രൂപയാണ്. 1 രൂപ, 2 രൂപ, 5 രൂപ, 10 രൂപ നാണയങ്ങളാണ് നമ്മുടെ കൈകളിലൂടെ കൈമാറിവരുന്നത്. ചില്ലറ ഇപ്പോള്‍ ഭിക്ഷക്കാര്‍ക്ക് പോലും വേണ്ടാതായിരിക്കുന്നു എന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ നാട്ടുകാര്‍ക്ക് ചില്ലറ കൈമാറാന്‍ സര്‍ക്കാര്‍ ചെലവാക്കുന്ന തുക നാണയത്തിന്റെ മൂല്യത്തേക്കാള്‍ കൂടുതലാണെന്ന് ഒരു ദേശീയ മാധ്യമം നല്‍കിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഒരു രൂപ കൊടുത്താല്‍ വാങ്ങാന്‍ കഴിയുന്ന വസ്തുക്കള്‍ ഇന്ന് തീരെകുറവാണെന്നിരിക്കെയാണ് ഇതിനായി സര്‍ക്കാരിന് ചെലവ് കൂടുതല്‍ ആവശ്യമായി വരുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് നാണയങ്ങളുടെ നിര്‍മ്മാണ ചെലവ് വ്യക്തമാക്കിയത്. ഒരു രൂപയുടെ നാണയം നിര്‍മ്മിക്കാന്‍ ഒരു രൂപ 11 പൈസയാണ് സര്‍ക്കാരിന് ചെലവെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഇന്ത്യന്‍ ഗവണ്‍മെന്റ് മിന്റിലാണ് ഈ കോയിനുകള്‍ നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ നാണയങ്ങളുടെ നിര്‍മ്മാണം വളരെയധികം കുറച്ചതായി ആര്‍ടിഐ വിവരം വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ നിര്‍മ്മാണവുമായി താരതമ്യം ചെയ്യുമ്പോഴാണ് 2018-ല്‍ ഈ മാറ്റം കാണാന്‍ സാധിക്കുക.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നാണയങ്ങള്‍ നിര്‍മ്മിച്ചത് 2016-17 കാലത്താണ്, 2201 മില്ല്യണ്‍ നാണയങ്ങള്‍. 2015-16-ല്‍ 2151 മില്ല്യണ്‍ നാണയങ്ങളും നിര്‍മ്മിച്ചു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു രൂപ നാണയങ്ങളുടെ നിര്‍മ്മാണ തുകയിലും കാര്യമായ കുറവ് നേരിട്ടു. 903 മില്ല്യണില്‍ നിന്നും 630 മില്ല്യണായാണ് ഇത് ചുരുങ്ങിയത്. ഒരു രൂപ നിര്‍മ്മിക്കാന്‍ പതിനൊന്ന് പൈസ കൂടുതലാണ് ചെലവ്. 2 രൂപ നാണയത്തിന് 1.28 രൂപയും, 5 രൂപയ്ക്ക് 3.69 രൂപയും, പത്ത് രൂപ നാണയത്തിന് 5.54 രൂപയുമാണ് ഏകദേശം നിര്‍മ്മാണച്ചെലവ്.

അതുകൊണ്ട് തന്നെ കൈയിലുള്ള നാണയത്തുട്ടുകള്‍ വെറുതെ ഭണ്ഡാരത്തില്‍ നിക്ഷേപിച്ച് പാഴാക്കരുത്, അതിന്റെ മൂല്യം നിങ്ങള്‍ കരുതുന്നതിലും കൂടുതലാണ്‍