ഭക്തരില്ലാതെ എന്ത് ‘വിശ്വാസ’ ബിസിനസ്സ്; ദൈവത്തെ ഓണ്‍ലൈനില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ തിരിച്ചറിയേണ്ടത്!

When pooja & dashanam goes online

0
297

അമ്പലത്തില്‍ ചെന്ന് വിഗ്രഹത്തെ തൊഴുത്, വഴിപാടുകള്‍ അര്‍പ്പിച്ച് കുറിതൊട്ട് മടങ്ങുമ്പോള്‍ കിട്ടുന്ന ഒരു സംതൃപ്തിയുണ്ട്. പള്ളിയില്‍ ചെന്ന് വിഗ്രഹങ്ങള്‍ ഉള്ളയിടത്തും, ഇല്ലാത്തിടത്ത് നിന്നും പ്രാര്‍ത്ഥിക്കുമ്പോള്‍ കൈവരുന്നതും മാനസികമായ ആത്മവിശ്വാസമാണ്. പക്ഷെ കൊറോണാവൈറസ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുന്നു. വിശ്വാസികള്‍ വൈറസിനെ പേടിച്ച് വീട്ടിലിരുപ്പാണ്. ക്ഷേത്രങ്ങള്‍ക്കും, പള്ളികള്‍ക്കുമെല്ലാം ഇത് ക്ഷാമകാലം തന്നെ.

ദൈവത്തെ ഓണ്‍ലൈനാക്കുമ്പോള്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ വാക്കുകള്‍ ഈ ഘട്ടത്തില്‍ ഏറെ പ്രസക്തമാണ്. ‘ക്ഷേത്രങ്ങളും വരുമാനം ഭക്തര്‍ അര്‍പ്പിക്കുന്ന വഴിപാടുകളില്‍ നിന്നാണ്. ലോക്ക്ഡൗണ്‍ വന്നതോടെ ഇത് പൂര്‍ണ്ണമായും നിലച്ചു. ഇതുകൊണ്ടാണ് 27 ക്ഷേത്രങ്ങളിലെ വഴിപാടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്’, എന്‍ വാസു പറയുന്നു. എത്ര സത്യസന്ധമായാണ് അദ്ദേഹം കാര്യങ്ങള്‍ വിവരിച്ചതെന്ന് നോക്കൂ. ഭക്തര്‍ ഭഗവാനെ തൊഴാന്‍ ക്ഷേത്രത്തില്‍ എത്തുന്നില്ലെന്ന വിഷമമല്ല അദ്ദേഹം പങ്കുവെച്ചത്. മറിച്ച് വഴിപാട് വരുമാനം ലഭിക്കുന്നില്ലെന്നാണ്.

ഇതിലെ ബിസിനസ്സും വാസു വിശദീകരിച്ചു. ഓണ്‍ലൈന്‍ വഴിപാടിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരണം. ഗ്രാമപ്രദേശങ്ങളില്‍ അമ്പലത്തില്‍ നേരിട്ടുചെന്ന് വഴിപാട് അര്‍പ്പിക്കുന്നതാണ് ഭക്തരുടെ രീതി. ഈ മനോഭാവം മാറണം. ഓണ്‍ലൈന്‍ വഴിപാട് പരിപാടി ജനപ്രിയമാക്കി മാറ്റണം, വാസു കൂട്ടിച്ചേര്‍ക്കുന്നു. ശബരിമലയില്‍ അന്നദാന സംഭാവന നല്‍കിയാല്‍ ഭക്തര്‍ക്ക് ഭഗവാന്റെ അനുഗ്രഹം മാത്രമല്ല ആദായ നികുതി ഇളവും കിട്ടും. ഇതിലും ഭംഗിയായി ഈ വിശ്വാസ ബിസിനസ്സ് ദേവസ്വം ബോര്‍ഡ് എങ്ങിനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് വിമര്‍ശകര്‍ പറയണം!

കര്‍ണ്ണാടക മാതൃക

കര്‍ണ്ണാടകത്തില്‍ വിശ്വാസികളുടെ ക്ഷാമത്തിന് സര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ വഴിപാടിന് പുറമെ ഓണ്‍ലൈന്‍ ദര്‍ശന സംവിധാനമാണ് അവിടെ ഒരുക്കിയിരിക്കുന്നത്. പക്ഷെ ദര്‍ശനത്തിന് പണം നിര്‍ബന്ധം. പ്രസാദവും. തീര്‍ത്ഥവും കൊറിയറായി വീട്ടിലെത്തും. അനുഗ്രഹം നിങ്ങള്‍ക്ക്, പണം ഞങ്ങള്‍ക്ക് എന്നതാണ് ഈ കാലത്തെ പുതിയ പ്രമാണം.

50 ക്ഷേത്രങ്ങളിലെ പൂജകളും, മറ്റും ലൈവ് സ്ട്രീം ചെയ്യാനാണ് കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഈ അവസരത്തില്‍ തന്നെയാണ് ദേവസ്വം ബോര്‍ഡുകള്‍ക്ക് പുറമെ ക്രൈസ്തവ, മുസ്ലീം മേലാളന്‍മാരും ആരാധനാലയങ്ങള്‍ നിബന്ധനകളോടെ തുറക്കാനെങ്കിലും അനുമതി തേടിയിട്ടുള്ളത്. വിശ്വാസികളുടെ ആത്മീയ പ്രശ്‌നങ്ങള്‍ക്ക് സമാധാനം കാണുന്നില്ലെന്ന ന്യായമാണ് ഉന്നയിക്കുന്നതെങ്കിലും വിഷയം പണം തന്നെയെന്ന് റേഷന്‍ കടയിലെ സൗജന്യ അരി വാങ്ങി ചോറുണ്ടവും അറിയാം.

ലോക്ക്ഡൗണ്‍ വിഷമിപ്പിക്കുമ്പോള്‍

ഇന്ത്യ ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് നീങ്ങിയത് ആത്മീയ മേലാളന്‍മാരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. സീറോ-മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ആളുകള്‍ക്ക് ആത്മീയമായ പിന്തുണ ലഭിക്കുന്നില്ലെന്നാണ് ആലഞ്ചേരി പറഞ്ഞത്. ലോക്ക്ഡൗണ്‍ മൂലം മാസികമായ സംഘര്‍ഷം ഉടലെടുക്കുമെന്നും, അതിന്റെ പ്രത്യാഘാതം തടയാന്‍ കഴിയില്ലെന്നുമാണ് ആലഞ്ചേരിയുടെ പക്ഷം. അതുകൊണ്ട് നിയന്ത്രിതമായ രീതിയില്‍ പള്ളി തുറക്കാന്‍ അനുവദിക്കണം, അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

കേരളത്തില്‍ ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും, മറ്റ് ചാരിറ്റബിള്‍ സ്ഥാപനങ്ങളും സീറോ മലബാര്‍ സഭയ്ക്കുണ്ട്. ലോക്ക്ഡൗണ്‍ വിലക്കുകള്‍ വന്നതോടെ വരുമാനവും, ജീവനക്കാരുടെ ശമ്പളവും നല്‍കാന്‍ പാടുപെടുകയാണ് സഭ. ഓണ്‍ലൈന്‍ വഴിപാട് പരിപാടി നടത്താന്‍ ശ്രമിച്ചെങ്കിലും സംഗതി വിജയമായില്ല.

ഓള്‍ ഇന്ത്യന്‍ ഇമാം കൗണ്‍സിലും മുസ്ലീം പള്ളികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ആരാധനാലയങ്ങള്‍ തുറന്നാല്‍ എന്ത് സംഭവിക്കുമെന്ന് സാമാന്യ ബുദ്ധി ഉപയോഗിച്ചാലും അറിയാവുന്നത് കൊണ്ട് സാഹസത്തിന് കേരളം തയ്യാറായിട്ടില്ല. ദേവസ്വം ബോര്‍ഡിന്റെ ഓണ്‍ലൈന്‍ വഴിപാട് വിജയകരമായി മുന്നേറുമ്പോള്‍ ‘ദര്‍ശനവും’ ഓണ്‍ലൈനില്‍ നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

അതുംകൂടി ഓണ്‍ലൈനിലായാല്‍ ദേവസ്വം ബോര്‍ഡിന് കുശാല്‍. ഭക്തര്‍ ഓണ്‍ലൈനില്‍ ഭഗവാനെ കണ്ട് തൃപ്തിയടയുമ്പോള്‍ വിജയിക്കുന്നത് വിശ്വാസമാണോ, ബിസിനസ്സാണോ എന്ന് ചിന്തിക്കുന്നത് നല്ലത്!