പശുക്കള്‍ സസ്യാഹാരികളാണ് എന്നാണ് പാഠപുസ്തകങ്ങളില്‍ നിന്ന് നമ്മള് പഠിച്ചിട്ടുള്ളത്. എന്നാല്‍ ഇതൊക്കെ മാറ്റിയെഴുതാനുള്ള സമയം ആഗതമായി കഴിഞ്ഞു. കാരണം പശു ഇപ്പോള്‍ മാംസവും തിന്നും!
ഗോവയില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. മനുഷ്യരെ പോലെ ലഭിക്കുന്ന ഭക്ഷണം അനുസരിച്ച് ഭക്ഷണ രീതി മാറ്റാന്‍ പശുക്കള്‍ക്കും സാധിക്കുന്നുവെന്നാണ് ഗോവയില്‍ നിന്നും കണ്ടെത്തിയ 76 പശുക്കള്‍ തെളിയിക്കുന്നത്. പുല്ല് കിട്ടിയില്ലെങ്കില്‍ ജീവിച്ച് പോകാന്‍ കിട്ടിയത് തിന്നുകയെന്ന മാര്‍ഗ്ഗമാണ് ഇവര്‍ സ്വീകരിച്ചത്.
ഗോവയിലെ അംഗീകൃത ഗോശാലയില്‍ എത്തിച്ച ഈ പശുക്കള്‍ മറ്റ് പശുക്കള്‍ക്ക് നല്കുന്ന ഭക്ഷണം നല്‍കിയെങ്കിലും സ്വീകരിച്ചില്ല. ഇതോടെയാണ് ഇവ മാംസമാണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തിയത്. ഞെലിലായ ഗോവ സര്‍ക്കാര്‍ ഈ പശുക്കളെ വെജിറ്റേറിയന്‍ മാര്‍ഗ്ഗത്തില്‍ തിരിച്ചെത്തിക്കാന്‍ വിദഗ്ധരെ ഇറക്കിയിരിക്കുകയാണ്.
എന്നാല്‍ ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. 2007-ല്‍ പശ്ചിമ ബംഗാളില്‍ കാളകള്‍ ജീവനോടെ കോഴികളെ തിന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. കൂടാതെ പുല്ല് തിന്നുമ്പോള്‍ ഇതിലെ കീടങ്ങളെയും മറ്റും പശു അകത്താക്കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയില്‍ നിന്ന് ഇന്ത്യ പാല് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാത്തതിന് കാരണം അവിടുത്തെ പശുക്കളുടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണരീതിയാണ്.
ഈ രീതി പശുക്കളുടെ പാല് ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് അവിടുത്തെ കര്‍ഷകര്‍ വാദിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ പശുക്കളെ ആരാധിക്കുന്നതിനാല്‍ ഇവിടെ നിന്നും പാലുല്‍പ്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നില്ല. ഈ വിലക്ക് നീക്കണമെന്നാണ് വ്യാപാര കരാറില്‍ ട്രംപ് ഭരണകൂടം ആവശ്യപ്പെടുന്ന പ്രധാന കാര്യം. എന്നാല്‍ പശുക്കള്‍ക്ക് മാംസഭക്ഷണം നല്‍കുന്നത് മാഡ് കൗ ഡിസീസ് എന്ന അവസ്ഥ സൃഷ്ടിക്കുകയും ഇത് മനുഷ്യരില്‍ ഡീജെനറേറ്റീവ് രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന ശാസ്ത്രവശവും വിഷയത്തിനുണ്ട്.