ഗോവയില്‍ പോകുന്നത് എന്തിനാണ്? അത്യാവശ്യം നല്ല രീതിയില്‍ മദ്യപിക്കണം, ബാക്കി സമയം ഉണ്ടെങ്കില്‍ ബീച്ചും മറ്റും കണ്ടാല്‍ കണ്ടു, അത്ര തന്നെ. എന്നാല്‍ ഗോവയിലെ ബീച്ചില്‍ ഇരുന്ന് ഇനി മദ്യപിക്കുന്നവര്‍ 2000 രൂപ പിഴയും, മൂന്ന് മാസം വരെ ജയിലില്‍ കിടക്കാനും തയ്യാറായിരിക്കണം.
ടൂറിസം ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സംസ്ഥാന ക്യാബിനറ്റ് ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഭേദഗതി പ്രകാരം പൊതുസ്ഥലത്ത് മദ്യപാനവും, പാചകവും അംഗീകരിക്കില്ല. ‘രണ്ട് നിയമങ്ങളാണ് ഭേദഗതി വരുത്തിയത്. അംഗീകാരമില്ലാത്ത ടൂര്‍ & ട്രാവല്‍സ് ഏജന്‍സികള്‍ക്ക് ഇനി ഹോട്ടല്‍ ബുക്കിംഗ് ചെയ്യാന്‍ കഴിയില്ല. ടൂറിസം മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ അനധികൃത സേവനം നല്‍കുന്നവരെ ജയിലില്‍ അയയ്ക്കും’, ഗോവ ടൂറിസം മന്ത്രി മനോഹര്‍ അജ്ഗാവോങ്കര്‍ വ്യക്തമാക്കി.
രണ്ടാമത്തെ ഭേദഗതി പ്രകാരമാണ് പൊതുസ്ഥലത്ത് മദ്യക്കുപ്പി കൊണ്ടുവരാന്‍ പാടില്ലെന്ന നിയമം വരുന്നത്. നിയമം തെറ്റിക്കുന്നത് കണ്ടെത്തിയാല്‍ 2000 രൂപ പിഴയും, മൂന്ന് മാസം വരെ ജയില്‍ശിക്ഷയും ലഭിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ നേരത്തെ തന്നെ ഈ നിയമത്തിന് വേണ്ടി വാദിച്ചിരുന്നു. ബീച്ചുകളില്‍ മദ്യപിക്കുന്നവര്‍ കുപ്പികള്‍ പൊട്ടിച്ച് ഇടുന്നതായി പ്രദേശവാസികളും, ടൂറിസ്റ്റുകളും പരാതി നല്‍കിയിരുന്നു.