വന്യമൃഗങ്ങളെക്കുറിച്ച് മനസ്സിലാക്കുന്ന വേളയില്‍ കുട്ടികളുടെ മനസ്സിലേക്ക് കുടിയേറുന്ന ഒരു വിഭാഗമാണ് ജിറാഫുകള്‍. വലിയ ഉയരത്തില്‍ സഞ്ചരിക്കുന്ന ജിറാഫുകള്‍ പക്ഷെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതായേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആശങ്കപ്പെടുത്തുന്ന രീതിയില്‍ എണ്ണം കുറയുന്നതായി കണ്ടെത്തിയതോടെ വംശനാശം നേരിടുന്ന പട്ടികയില്‍ ജിറാഫും ഇടംപിടിച്ചത്.
ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ (ഐയുസിഎന്‍) ആണ് ജിറാഫ് വംശനാശഭീഷണി നേരിടുന്നതായി വ്യക്തമാക്കിയത്. കഴിഞ്ഞ 31 വര്‍ഷത്തിനിടെ ജിറാഫുകളുടെ എണ്ണം 40% കുറഞ്ഞു. മനുഷ്യന് ഇവയുടെ വാസസ്ഥലങ്ങളില്‍ അതിക്രമിച്ച് കടന്നതാണ് കാരണം.
കൃഷി, ഖനനം, നിര്‍മ്മാണം തുടങ്ങീ മനുഷ്യന്റെ വികസനങ്ങള്‍ക്കായി ജിറാഫുകളുടെ വാസമേഖലയാണ് ഇല്ലാതാക്കിയത്. ഇതിന് പുറമെ ഇറച്ചിക്കായി ഇവയെ ഇരയാക്കുന്നതും എണ്ണക്കുറവിന് കാരണമായി. ഒന്‍പത് ജിറാഫ് വംശങ്ങളാണ് ഇപ്പോള്‍ വംശനാശത്തിന്റെ പാതയിലുള്ളത്. ചില വിഭാഗങ്ങള്‍ വര്‍ദ്ധിക്കുന്നുമുണ്ട്.
എറിത്രിയ, ഗിനിയ, ബുര്‍കിന ഫാസോ, നൈജീരിയ, മലാവി, മൗറിടാനിയ, സെനഗല്‍ എന്നിവിടങ്ങളിലാണ് ജിറാഫ് വന്‍തോതില്‍ ഇല്ലാതാകുന്നത്.