ആണിനും കരയാം; പറഞ്ഞുപഠിപ്പിച്ച ആണത്തവാദം പൊളിക്കാന്‍ യഥാര്‍ത്ഥ സൈനികന്റെ കഥ പറഞ്ഞ് ഗില്ലെറ്റ് പരസ്യം; ദുല്‍ഖര്‍ ഷെയര്‍ ചെയ്തത് വെറുതെയല്ല

0
279

ദുല്‍ഖര്‍ സല്‍മാന്‍ ഒരു പരസ്യം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കുക, അത് വെറുമൊരു പരസ്യമാകാന്‍ വഴിയില്ലല്ലോ. പ്രത്യേകിച്ച് താരം അഭിനയിച്ച പരസ്യമല്ല. ഗില്ലെറ്റ് ബ്രാന്റിന്റെ പരസ്യചിത്രമാണ് ഡിക്യൂ ഷെയര്‍ ചെയ്തത്. എന്താണ് ഈ പരസ്യത്തിന് ഇത്ര പ്രത്യേക എന്നല്ലേ?

ആണുങ്ങള്‍ കരയാന്‍ പാടില്ല എന്ന പരമ്പരാഗത തത്വങ്ങളെ തകര്‍ക്കുന്നതാണ് ഗില്ലെറ്റിന്റെ പുതിയ പരസ്യം. ഇതിനായി ഒരു യഥാര്‍ത്ഥ സൈനികന്റെ കഥയാണ് ഇവര്‍ ഉപയോഗിച്ചത്. അമേരിക്കന്‍ കോര്‍പ്പറേഷന്‍ പ്രോക്ടര്‍ & ഗാംബിളിന്റെ ഉത്പന്നമാണ് ഗില്ലെറ്റ്. ആണത്തം എന്ന വിശേഷണത്തെ പുനരാവിഷ്‌കരിക്കുകയാണ് ഗ്രേ ഇന്ത്യ തയ്യാറാക്കിയ പരസ്യം ചെയ്തിരിക്കുന്നത്.

നവംബര്‍ 19 അന്താരാഷ്ട്ര പരസ്യദിനത്തിലാണ് ഈ പരസ്യം ഗില്ലെറ്റ് പുറത്തുവിട്ടത്. ബ്രാന്റിന്റെ പുതിയ സമവാക്യമായ ‘ഒരു പുരുഷന് ലഭിക്കുന്നതില്‍ വെച്ച് ഏറ്റവും മികച്ചത്’ എന്നതിനെ അടിസ്ഥാനമായി 20 വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച ലഫ്. കേണല്‍ മനോജ് കുമാര്‍ സിന്‍ഹയുടെ യഥാര്‍ത്ഥ ജീവിതകഥയാണ് പരസ്യം പറയുന്നത്.

യുദ്ധമുഖത്ത് വെച്ച് ഗുരുതരമായി പരുക്കേറ്റെങ്കിലും ആണ്‍കുട്ടികള്‍ കരയാറില്ലെന്ന് പറഞ്ഞ പിതാവിന്റെ വാക്യം അനുസരിച്ച് ധൈര്യപൂര്‍വ്വം ഇതിനെ നേരിടുകയാണ് കേണല്‍ ചെയ്തത്. എന്നാല്‍ ഈ തത്വം പഠിപ്പിച്ച പിതാവ് സര്‍ജറി കഴിഞ്ഞ മകനെ കണ്ട് കരഞ്ഞു. കരഞ്ഞത് കൊണ്ട് ആണത്തത്തില്‍ കുറവ് വരില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞ നിമിഷം. ശക്തനായ ആണ്‍കുട്ടിയെ വളര്‍ത്തുകയെന്നതിന് ആണ്‍കുട്ടികള്‍ കരയാം എന്ന അര്‍ത്ഥം കൂടിയുണ്ടെന്ന് കഥ ഓര്‍മ്മിപ്പിക്കുന്നു.

പുരുഷന്‍മാര്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളും, ഇവര്‍ക്കിടയിലെ ആത്മഹത്യയുമാണ് ഈ വര്‍ഷത്തെ പുരുഷ ദിനത്തില്‍ ചര്‍ച്ചാവിഷയങ്ങള്‍.