17 വര്‍ഷക്കാലം നീണ്ട ക്രിക്കറ്റ് ജീവിതത്തിന് പൊടുന്നനെയാണ് യുവരാജ് സിംഗ് കര്ട്ടന് ഇട്ടത്. എങ്കിലും അഭിമാനിക്കാവുന്ന നേട്ടങ്ങളുമായി തലയുയര്‍ത്തിയാണ് ആ വിടവാങ്ങല്‍. 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ലോകകിരീടം ചൂടിയ 2011-ലെ ഐസിസി ലോകകപ്പിലെ ടൂര്‍ണമെന്റിന്റെ താരമായിരുന്നു ഈ ക്രിക്കറ്റര്‍.
എന്നാല്‍ ഇതിന് ശേഷം യുവിയുടെ ജീവിതം അനിശ്ചിതാവസ്ഥയിലേക്കാണ് വഴുതിവീണത്. അപൂര്‍വ്വമായ ക്യാന്‍സറിന്റെ രൂപത്തിലായിരുന്നു വിധി വിളയാട്ടം നടത്തിയത്. ലോകകപ്പിന് ഇടെ തന്നെ ക്യാന്‍സര്‍ കണ്ടെത്തിയെങ്കിലും താരം രോഗത്തെ പരിഗണിക്കാതെ രാജ്യത്തിനായി കളിക്കളത്തില്‍ തുടര്‍ന്നെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ശ്വാസകോശത്തിന് ഇടയില്‍ രൂപപ്പെടുന്ന ട്യൂമറായിരുന്നു യുവരാജില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലേക്ക് ക്യാന്‍സര്‍ പടരുമെന്ന് ഭയപ്പെട്ടിരുന്നെങ്കിലും ഇത് സംഭവിച്ചില്ലെന്ന് കണ്ടെത്തിയത് ആശ്വാസമായി. ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു യുവിയുടെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. എത്രയും പെട്ടെന്ന് രോഗമുക്തി നേടി തിരികെ എത്തട്ടെയെന്ന ആശംസകള്‍ എത്തിയെങ്കിലും ആര്‍ക്കും അത്ര ശുഭപ്രതീക്ഷ ഉണ്ടായിരുന്നില്ല.
യുഎസിലായിരുന്നു താരം ചികിത്സ തേടിയത്. കീമോതെറാപ്പി സെഷനുകള്‍ക്കൊടുവില്‍ തന്റെ പതിവ് ശൈലിയില്‍ ക്യാന്‍സറിനെ അടിച്ചുപറത്തി യുവി തിരിച്ചെത്തി. ജീവിതം തിരിച്ചുതന്ന ദൈവത്തിന് നന്ദി എന്നായിരുന്നു ചികിത്സ പൂര്‍ത്തിയാക്കി തിരിച്ചെത്തിയ താരത്തിന്റെ ആദ്യ പ്രതികരണം.

രോഗം ബാധിച്ച ഘട്ടത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കാണുന്നത് പോലും തന്നെ അസ്വസ്ഥനാക്കിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ടീമില്‍ തിരിച്ചെത്തിയെങ്കിലും ഫിറ്റ്നസിന്റെ പേരില്‍ അതിന്റെ ഭാഗമായി തുടരാന്‍ അദ്ദേഹം ബുദ്ധിമുട്ടി. ഇന്ത്യന്‍ ടീമിന്റെ കുപ്രശസ്തമായ യോ-യോ ഫിറ്റ്നസ് ടെസ്റ്റ് പോലും പാസായ ശേഷമാണ് യുവിയുടെ മടക്കം.
ഇനി ഇന്ത്യന്‍ ടീമില്‍ തനിക്ക് ഇടമുണ്ടാകില്ലെന്ന വസ്തുത പതിയെ എങ്കിലും യുവി തിരിച്ചറിഞ്ഞിരിക്കും. അതുകൊണ്ട് തന്നെ അതിവേഗ ബാറ്റിംഗും, ഫീല്‍ഡിംഗും കൊണ്ട് എതിരാളികളെ ഞെട്ടിച്ച താരം തന്റെ വിടവാങ്ങല്‍ തീരുമാനവും അതിവേഗം പ്രഖ്യാപിച്ചു. പക്ഷെ വെല്ലുവിളികള്‍ നേരിട്ട് ക്രിക്കറ്റില്‍ തുടരാന്‍ ശ്രമിച്ച യുവി ക്രിക്കറ്റ് ആരാധകരുടെ മനസ്സുകളില്‍ സൂപ്പര്‍സ്റ്റാര്‍ തന്നെയാകും.