കഴിക്കുന്ന ഭക്ഷണമാണ് ശരീരത്തിന്റെ ആരോഗ്യത്തില്‍ പ്രതിഫലിക്കുന്നതെന്നത് അറിയാത്തവര്‍ കുറവായിരിക്കും. ആരോഗ്യം നന്നാകാന്‍ ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ ശീലമാക്കുകയാണ് പ്രധാന പോംവഴി. തൊലിയുടെ ആരോഗ്യം മുതല്‍ മുടിയും, നഖവും വരെ നന്നാകാന്‍ ഭക്ഷണം പ്രധാന മരുന്നാണ്. അങ്ങിനെയുള്ളപ്പോള്‍ യോനിയുടെ ആരോഗ്യത്തിനും പ്രതിവിധി മറ്റൊന്നല്ല!
യോനീപ്രദേശത്തെ ഗന്ധം മാറുകയോ, ചൊറിച്ചില്‍ അനുഭവപ്പെടുകയോ ചെയ്യുന്ന അവസ്ഥയുണ്ടെങ്കില്‍ ഈ പ്രദേശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള സമയമായെന്ന് ഉറപ്പിക്കാം. ചില ഭക്ഷണങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ സഹായകവുമാണ്.
യോഗര്‍ട്ട് അഥവാ കട്ടിത്തൈരിലെ നല്ല ബാക്ടീരിയയുടെ അംശം സുപ്രധാന ശ്രദ്ധ ആകര്‍ഷിക്കുന്ന കാര്യമാണ്. അന്നനാളത്തിന്റെ ആരോഗ്യത്തിന് പുറമെ മികച്ച പ്രതിരോധ ശേഷിയും ഈ ഭക്ഷണം സമ്മാനിക്കും. യോനിയിലെ പിഎച്ച് ബാലന്‍സ് കൃത്യമാക്കാനും, വരളുന്നതും, ചൊറിച്ചില്‍, ദുര്‍ഗന്ധം എന്നിവയെ അകറ്റാനും ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

യോനിയില്‍ തുടര്‍ച്ചയായ ഇന്‍ഫെക്ഷനും, ഡിസ്ചാര്‍ജ്ജും നേരിടുന്നവര്‍ക്ക് സിട്രസ് അടങ്ങിയ പഴങ്ങള്‍ ഉപകരിക്കും. ഇവയിലെ വൈറ്റമിന്‍ സി ആണ് പ്രയോജനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഓറഞ്ചും, നാരങ്ങയുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണം ചെയ്യും.
യോനിയുടെ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരില്‍ വൈറ്റമിന്‍ ഡി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു വൈറ്റമിന്‍ ഡിയുടെ പ്രധാന ശ്രോതസ്സാണ്. യോനിയിലെ ഇന്ഫെക്ഷന് അകറ്റാന്‍ മുട്ട കഴിക്കേണ്ടത് എന്തിനെന്ന് ഇനി പറയേണ്ടതില്ലല്ലോ!
ഒമേഗാ-3 നിങ്ങളുടെ യോനി ആവശ്യപ്പെടുന്ന മറ്റൊരു പ്രധാന കാര്യമാണ്. മത്സ്യം ഭക്ഷിക്കുന്നവര്‍ക്ക് ഒമേഗ-3 ലഭിക്കാന്‍ ബുദ്ധിമുട്ട് കാണില്ല.
കോളിഫ്ളവറിന് സമാനമായ ബ്രോക്കോളിയാണ് യോനി ആരോഗ്യം തിരിച്ചുപിടിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. ഇവയിലെ ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ ഫ്ളാവനോയ്ഡുകള്‍ ശരീരത്തിന് ഏറെ ആവശ്യമാണ്. ഒവേറിയന്‍ ക്യാന്‍സര്‍ വരെ തടയാന്‍ ഇതിന് ശേഷിയുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറില്‍ പ്രസിദ്ധീകരിച്ച ഗവേഷണം വ്യക്തമാക്കുന്നത്.
ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നതിനൊപ്പം പഞ്ചസാരയുടെ അളവ് കുറച്ച് നിര്‍ത്തുന്നത് യോനിയുടെ ആരോഗ്യം സംരക്ഷിക്കും. പഞ്ചസാര ശരീരത്തിലെത്തി ഗ്ലൂക്കോസായി മാറി യോനിപ്രദേശത്തെ സ്ഥിതി മോശമാക്കി ഇന്‍ഫെക്ഷനുകളെ ക്ഷണിച്ച് വരുത്തും.