മുഖം മാറ്റിവെയ്ക്കല്‍ നടത്തിയ ആദ്യ ആഫ്രിക്കന്‍ അമേരിക്കനായി കാലിഫോര്‍ണിയയില്‍ നിന്നുള്ള റോബര്‍ട്ട് ചെല്‍സി. ആറ് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഇദ്ദേഹത്തിന്റെ ചര്‍മ്മത്തിന് അനുയോജ്യമായ ദാതാവിനെ കണ്ടെത്തിയതോടെയാണ് മുഖം മാറ്റിവെയ്ക്കല്‍ യാഥാര്‍ത്ഥ്യമായത്.
2018-ല്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയ ദാതാവ് താനുമായി യാതൊരു സാമ്യവുമില്ലാത്ത വ്യക്തിയാണെന്ന് കണ്ട് ചെല്‍സി നിരാകരിച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ ദാതാവിനെ തെരഞ്ഞ് കണ്ടെത്തിയത്. അമേരിക്കയില്‍ കറുത്തവരായ രോഗികള്‍ക്ക് അനുയോജ്യരായ ദാതാക്കളെ ലഭിക്കാനുള്ള ബുദ്ധിമുട്ട് കൂടിയാണ് ചെല്‍സിയുടെ കഥയിലൂടെ പുറത്തുവന്നത്.

‘ഈ വിലയേറിയ സമ്മാനം നല്കാന് തയ്യാറായ വ്യക്തിക്കും കുടുംബത്തിനും നന്ദി. ഇതൊരു രണ്ടാം അവസരമാണ്. വാക്കുകള്‍ കൊണ്ട് വിശദീകരിക്കാന്‍ കഴിയില്ല ഈ അനുഭവം’, ചെല്‍സി പറഞ്ഞു. 2013-ല്‍ ലോസാഞ്ചലസ് ഫ്രീവെയില് കാര്‍ അമിതമായി ചൂടിയതോടെ വഴിയരികില്‍ നിര്‍ത്തിയതാണ് ഇദ്ദേഹത്തിന്റെ മുഖവും ജീവിതവും മാറ്റിമറിച്ചത്.
മദ്യപിച്ചെത്തിയ ഒരു ഡ്രൈവര്‍ ചെല്‍സിയുടെ കാറില്‍ ഇടിച്ചു. കാറില്‍ തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റു. അപകടത്തില്‍ ചുണ്ടും, മൂക്കും, ഇടത് ചെവിയും നഷ്ടമായി. തന്റെ മുഖം കാണുന്നവര്‍ക്ക് തോന്നുന്ന ചിന്തകളൊന്നും അലട്ടാതെ കാത്തിരിക്കാന്‍ ചെല്‍സി തയ്യാറായി.
45 ഡോക്ടര്‍മാരും, നഴ്സുമാരും 16 മണിക്കൂര്‍ പണിയെടുത്താണ് ചെല്‍സിക്ക് പുതിയ മുഖം സമ്മാനിച്ചത്. സര്‍ജറിക്ക് ശേഷം റോബര്‍ട്ട് സുഖം പ്രാപിച്ച് വരികയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പതിയെ മുഖത്തിന്റെ ചലനവും, സ്പര്‍ശനവും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.