‘അടിമ ആവുന്നത് ഒരു തെറ്റല്ല, പക്ഷെ മറ്റുള്ളവരെ കൂടി അടിമകളാക്കി മാറ്റാന്‍ നോക്കുന്നത് ഒരു തെറ്റാണ്.’ പറഞ്ഞുവരുന്നത് ഫെഫ്കാ ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനെ കുറിച്ചാണ്. ബുദ്ധിജീവി ഗണത്തില്‍ വരുന്നുവെന്ന് സ്വയം കരുതുന്നവര്‍ ചിന്തിക്കുന്നത് വേറെ തലത്തിലാണെന്നാണ് വെയ്പ്പ്. പക്ഷെ ബി. ഉണ്ണിക്കൃഷ്ണന് സ്വീകരിക്കുന്ന പല നിലപാടുകളും അത്തരം ബുദ്ധിജീവികളെ വരെ തോല്‍പ്പിക്കുന്ന തരത്തിലാണ്.
ബോളിവുഡിലെ ഒതുക്കലും, പക്ഷപാത പരിപാടികളും, ലോബികളും ചേര്‍ന്ന് സുശാന്ത് സിംഗ് രാജ്പുത് എന്ന ‘ബുദ്ധിയുള്ള’ ചെറുപ്പക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടില്ല. ബോളിവുഡില്‍ മാത്രമല്ല ഈ കൊച്ചുകേരളത്തിലെ മലയാള സിനിമാ ലോകത്തും കാര്യങ്ങള്‍ വിഭിന്നമല്ലെന്നത് പരസ്യമായ രഹസ്യമാണ്. ജസ്റ്റിസ് ഹേമാ കമ്മീഷനെ ഓര്‍മ്മയില്ലേ, മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചും, പീഡനങ്ങളും സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട്, റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമ വെളിപ്പെടുത്തിയ ഒരു കാര്യം ഇവിടെ ശ്രദ്ധേയമാണ്. സിനിമയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും അനൗദ്യോഗിക വിലക്കുകള്‍ ഏറ്റുവാങ്ങുന്നുവെന്നാണ്.
അന്ന് ഫെഫ്ക നേതാവ് ഉണ്ണിക്കൃഷ്ണന് നടത്തിയ പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണ്. കമ്മീഷന് നടത്തിയ പല കണ്ടെത്തലുകളെക്കുറിച്ചും തങ്ങള്‍ക്ക് മുന്‍പ് അറിവില്ലാത്തതാണെന്നതാണ് അതിലെ മഹത്തായ പ്രഖ്യാപനം. ശിക്ഷാനിയമങ്ങള്‍ കര്‍ശനമാക്കുന്നതിനൊപ്പം ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ ശരിപ്പെടുത്തി മലയാള സിനിമാ മേഖലയെ നന്നാക്കണമെന്നും ഉണ്ണിക്കൃഷ്ണന് പറഞ്ഞുകളഞ്ഞു. എന്നിട്ട് എവിടെ വരെയായി നേതാവെ ആ ശരിയാക്കല്‍? ചോദ്യം ചോദിച്ചാല്‍ റാഡിക്കലായി ഉത്തരം പറഞ്ഞ് ശരിപ്പെടുത്തിക്കളയും പ്രസ്തുത ബുദ്ധിജീവി.

നെറികേടുകള്‍ തുറന്നടിച്ച നീരജിനോട് ‘തെളിവ്’ ചോദിക്കുന്ന ഉണ്ണിക്കൃഷ്ണന്
സുശാന്തിന്റെ മരണത്തില്‍ മലയാള സിനിമാ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ കരച്ചില് രേഖപ്പെടുത്തുമ്പോഴാണ് യുവതാരം നീരജ് മാധവ് ഒരു കുറിപ്പെഴുതിയത്. പലരും പറയാതെ പറഞ്ഞ കാര്യങ്ങള്‍ നീരജ് തുറന്നെഴുതുകയായിരുന്നു. മലയാള സിനിമയിലും ഇപ്പറഞ്ഞ സ്ഥാനക്രമം നിലനില്‍ക്കുന്നുണ്ടെന്ന് നീരജ് പറയുന്നു. ‘ചായ കുടിക്കുന്ന ഗ്ലാസില്‍ തുടങ്ങുന്നു ആ വേര്‍തിരിവ്’. പഴയ ജന്മി സമ്പ്രദായം അവസാനിച്ച് പോയതൊന്നും ഉണ്ണിക്കൃഷ്ണനും സംഘവും അറിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്.
നീരജ് മാധവ് എഴുതിയ കുറിപ്പില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ അത് അറിയാതിരിക്കാന്‍ മാത്രം മണ്ടനാണോ ഉണ്ണിക്കൃഷ്ണന്? ഉറപ്പായും അല്ല. മലയാള സിനിമയിലെ ലോബികളെക്കുറിച്ച് വ്യക്തമായി അറിയാവുന്നത് കൊണ്ട് തന്നെയാണ് സ്ഥാനചലനമില്ലാതെ ഫെഫ്ക കസേരയില്‍ അദ്ദേഹം ഇരിക്കുന്നത്. അങ്ങിനെ വരുമ്പോള്‍ ഒരു ചെറുപ്പക്കാരന് സിനിമാ ലോകത്തെ ചെറ്റത്തരങ്ങളെക്കുറിച്ച് എഴുതിയാല്‍ വിറളി പിടിക്കുന്നത് സ്വാഭാവികം.
അത് അദ്ദേഹം മാന്യമായി ചെയ്തുകഴിഞ്ഞു. നീരജിന്റെ വിമര്‍ശനങ്ങളില്‍ സത്യം ഉണ്ടോ, ഇല്ലയോ എന്ന് സ്വയം വിലയിരുത്തി ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നതിന് പകരം നീട്ടിവലിച്ച് താരസംഘടനയായ ‘അമ്മയ്ക്ക്’ ഒരു കത്തങ്ങ് അയച്ചുകളഞ്ഞു ഇദ്ദേഹം. ഇവിടെയാണ് നേരത്തെ പറഞ്ഞ ഹേമ കമ്മീഷന് റിപ്പോര്‍ട്ടിനെ കുറിച്ച് അമ്മ ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം പ്രസക്തമാകുന്നത്. കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയുടെ കണ്ടുപിടുത്തമല്ലെന്നാണ് സിനിമയില്‍ ഇടവേള നിറഞ്ഞ ബാബു പ്രസ്താവിച്ചത്. എന്നുമാത്രമല്ല കമ്മീഷന് പേരുകള്‍ വെളിപ്പെടുത്തണമെന്നാണ് ബാബുവിന്റെ വെളിപാട്!

ഇടവേള ബാബു ഒരു ബുദ്ധിജീവിയല്ല, പക്ഷെ ഉണ്ണിക്കൃഷ്ണനോ?
ഇടവേള ബാബു അമ്മയെ സംബന്ധിച്ച് വലിയ സംഭവം ആയിരിക്കാം, പക്ഷെ ബാക്കി കാര്യങ്ങളില്‍ അദ്ദേഹം ഒരു ബുദ്ധിജീവിയല്ല. അതുകൊണ്ട് ആരൊക്കെ പീഡിപ്പിച്ചെന്ന് പറഞ്ഞാലും ‘അതൊക്കെ സാധാരണമല്ലേ’ എന്ന വാക്കുകളില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത് തന്നെ വിഡ്ഢിത്തരമാകും. എന്നാല്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനെ നമുക്ക് ആ നിലവാരത്തില്‍ കാണാന്‍ കഴിയില്ല. അദ്ദേഹം ഒരു ബുദ്ധിജീവിയും, ബുദ്ധിപരമായ സിനിമകള്‍ ‘മാത്രം’ എടുക്കുന്ന വ്യക്തിയുമാണ്.
എന്നിട്ടും നീരജ് മാധവ് എന്ന പാവം ചെറുപ്പക്കാരന് സത്യാവസ്ഥ പറഞ്ഞപ്പോള്‍ ഉണ്ണിക്കൃഷ്ണന് ചോദിച്ചതും തെളിവാണ്. മലയാള സിനിമയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അതുകൊണ്ട് ആരെല്ലാമാണ് ഇങ്ങനെ പെരുമാറുന്നതെന്ന് പേരും, വിലാസവും സഹിതം വെളിപ്പെടുത്തണമത്രേ! നായികയുടെ ഹെയര്ഡ്രെസറുടെ പോലും വരുമാനം തനിക്ക് തുടക്കകാലത്ത് ലഭിച്ചിരുന്നില്ലെന്ന് നീരജ് പറഞ്ഞത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്നും ഉണ്ണിക്കൃഷ്ണന് ആരോപിക്കുന്നു. (ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലെ സ്ത്രീ അനുകൂല നിലപാട് ഒന്നുകൂടി വായിക്കാം).

മലയാള സിനിമയിലെ ലോബികള്‍
തിലകന് എന്ന മഹാനടന് നേരിട്ട ദുരനുഭവങ്ങള്‍ ഒരുവട്ടം കൂടി നമുക്ക് ഓര്‍മ്മിക്കാം. ഇത്തരം ലോബികള്‍ക്കെതിരെ ശക്തമായ സ്വരത്തില്‍ സംസാരിച്ചതിന് അദ്ദേഹം നേരിട്ടത് അപ്രഖ്യാപിത വിലക്കാണ്. മരിച്ചുകഴിയുമ്പോള്‍ വാതോരാതെ പ്രതികരിച്ചവര്‍ പലരും പിന്നില്‍ നിന്നും കുത്തിയവര്‍ തന്നെയായിരുന്നു!
മലയാള സിനിമ ഭരിക്കുന്നത് വിരലില്‍ എണ്ണാവുന്നവര്‍ തന്നെയാണെന്ന് ഉണ്ണിക്കൃഷ്ണനേക്കാള്‍ ഭംഗിയായി അറിയുന്നവര്‍ കുറവായിരിക്കും. ആ സ്ഥിതിക്ക് അത്തരം വ്യവസ്ഥിതിയെ ചോദ്യം ചെയ്ത ഒരുത്തനെ കീറിവലിച്ച് ഭിത്തിയില്‍ ഒട്ടിക്കുകയെന്നത് ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കര്‍ത്തവ്യമാണ്. അതുകൊണ്ട് കൂടിയാകണം മലയാള സിനിമയില്‍ ‘ലോബി’ ഉണ്ടെങ്കില്‍ (ഉണ്ടെന്നല്ല) അതിനെ കൈകാര്യം ചെയ്യേണ്ടത് യൂണിയന്റെ ഉത്തരവാദിത്വമാണെന്ന നിലപാട്. അതുകൊണ്ട് നീരജ് തെളിവ് നല്‍കണം!
നീരജ് മാധവിന്റെ ഫോണ്‍ നമ്പര്‍ കൈയില്‍ ഇല്ലെങ്കില്‍ ആരോടെങ്കിലും ചോദിച്ചാല്‍ ഉണ്ണിക്കൃഷ്ണന് അത് ലഭിക്കാന്‍ ബുദ്ധിമുട്ട് കാണില്ല. ഫോണെടുത്ത് കറക്കി എന്താണ് പ്രശ്നങ്ങള്‍ എന്ന് നേരിട്ട് ചോദിച്ചറിയുന്നതിന് പകരം അമ്മയ്ക്ക് വിശദീകരണം ചോദിച്ച് കത്തയച്ചും, തെളിവ് ചോദിച്ചും, പേരുകള്‍ വെളിപ്പെടുത്താനും ആവശ്യപ്പെടുന്നത് ഇനി കൂടുതല്‍ മിണ്ടരുതെന്ന ഉദ്ദേശത്തിലാണെന്ന് തലയില്‍ വെളിവുള്ള എല്ലാവര്ക്കും അറിയാം.
മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് അറിവില്ലെന്ന് പറഞ്ഞ ഉണ്ണിക്കൃഷ്ണന് യുവതാരങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അറിവില്ലെന്ന് പറയുന്നത് അടിമത്ത ബുദ്ധി കൊണ്ടാകാം. പക്ഷെ അത്രയൊന്നും ബുദ്ധിയില്ലാത്ത ജനം, പ്രേക്ഷകന് ഇത് കാണുന്നുണ്ടെന്ന് മറക്കാതിരുന്നാല്‍ കൊള്ളാം.