ഇതാവണം അച്ഛന്‍; ഓഫീസിലിരുന്ന് മകളെ നോക്കുന്ന ചിത്രം ഇന്റര്‍നെറ്റിന്റെ ഹൃദയം കവര്‍ന്നു; സൂപ്പര്‍സ്റ്റാര്‍ തന്നെ!

  0
  471

  വീട്ടില്‍ ഒരു കുഞ്ഞുണ്ടായാല്‍ എല്ലാവര്‍ക്കും സന്തോഷം. പക്ഷെ അവരെ നോക്കി വളര്‍ത്താനുള്ള ഉത്തരവാദിത്വം അത് അമ്മയുടേത് മാത്രമെന്നാണ് പൊതുവെയുള്ള രീതി. അമ്മമാര്‍ ജോലി ഉപേക്ഷിച്ചും, ജോലിയില്‍ നിന്നും ഓടി തിരിച്ചെത്തിയും കുഞ്ഞുങ്ങളെ നോക്കിവളര്‍ത്തണം. മറുവശത്ത് അച്ഛന്‍ ഇതിലൊന്നും ഇടപെടാതെ കാര്യസ്ഥനായി നടക്കും.

  പക്ഷെ അഷുതോഷ് ഹര്‍ബോല അക്കൂട്ടത്തില്‍ വരില്ല. തന്റെ കുഞ്ഞ് മകളെ നോക്കാന്‍ ഈ പിതാവ് ഏറെ ശ്രദ്ധിക്കുന്നു. ഒരു പണിയുമില്ലാത്ത വ്യക്തിയാകും അതാണ് ഇത്ര ശ്രദ്ധയെന്ന് പറയാന്‍ വരട്ടെ. നോയ്ഡയില്‍ ഒരു മാര്‍ക്കറ്റിംഗ് കമ്പനിയുടെ സിഇഒയാണ് അഷുതോഷ്. ഓഫീസ് ജോലിക്കിടെ കുഞ്ഞിന് കുപ്പിപ്പാല്‍ നല്‍കുന്ന ഈ സിഇഒയുടെ ചിത്രം ഒരു സഹജീവനക്കാരനാണ് ഓണ്‍ലൈനില്‍ പങ്കുവെച്ചത്.

  ജോലിയും, കുടുംബകാര്യവും ഒരുപോലെ നോക്കുന്ന അഷുതോഷ് സൂപ്പര്‍സ്റ്റാര്‍ തന്നെയെന്നാണ് ഓണ്‍ലൈന്‍ ലോകത്തിന്റെ കണ്ടെത്തല്‍. ‘ഇത് ഞങ്ങളുടെ സിഇഒ ഹര്‍ബോല അഷുതോഷ്. എല്ലാ അര്‍ത്ഥത്തിലും ജോലി ചെയ്യുന്ന പിതാവ്. ജോലിയില്‍ കൃത്യത കാണിക്കുന്ന ഇദ്ദേഹം മകളെയും ഒരേ സമയം നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇത്തരമൊരു നിമിഷം ഇതാ’, സഹജീവനക്കാരന്‍ ദുഷ്യന്ത് തന്റെ പോസ്റ്റില്‍ കുറിച്ചു.

  ചിത്രവും, കഥയും വൈറലാകാന്‍ ഏറെ താമസിച്ചില്ല. നിങ്ങള്‍ ലക്ഷക്കണക്കിന് ഹൃദയങ്ങള്‍ വിജയിച്ചു എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചത്. കുട്ടികളെ നോക്കുന്നത് ഭാര്യയുടെ മാത്രം പണിയെന്ന് ചിന്തിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ ഇതൊക്കെ കണ്ടുപഠിക്കണമെന്നും ചിലര്‍ ഉപദേശിച്ചു. എന്തായാലും അഷുതോഷിന്റെ ചിത്രം കാണുന്ന ഏതൊരാളുടെയും മനസ്സ് നിറയ്ക്കും, ഉറപ്പ്.