അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയും എന്നൊരു പഴഞ്ചൊല്ലുണ്ട് നമുക്ക്. അതിന്റെ അര്‍ത്ഥം അറിയാത്തവര്‍ കാണില്ല. പക്ഷെ ചില കാര്യങ്ങളുണ്ട് നമുക്ക് നേരിട്ട് അനുഭവം ഉണ്ടാകുന്നത് വരെ കണ്ടില്ലെന്ന് നടിക്കും. ടൈപ്പ് 2 ഡയബറ്റിസ് ബാധിച്ച് മുത്തശ്ശിയെ നഷ്ടമായപ്പോഴാണ് ഈ കുടുംബത്തിന്റെ ആരോഗ്യബോധം ഉണര്‍ന്നത്.
മുത്തശ്ശിയുടെ സ്മരണയ്ക്കായി ഇവര്‍ ചെയ്തത് എന്തെന്നല്ലേ, അച്ഛനും അമ്മയും മക്കളും ഉള്‍പ്പെടെയുള്ള എല്ലാവരും അതിഗംഭീരമായരീതിയില് വെയ്റ്റ്ലോസ് യാത്രക്ക് ഇറങ്ങി. തന്റെ അമ്മയെ നഷ്ടപ്പെട്ടതിന് ശേഷമാണ് സ്യൂ മക്ഗില്ലിവ്റെയ്സ് 56-കാരനായ ഭര്‍ത്താവ് റോയിയെയും, മക്കളായ സൈമണ്‍, 28, ബെന്‍ 24 എന്നിവരെ ചേര്‍ന്ന് അനാരോഗ്യകരമായ ജീവിതരീതി മാറ്റാന്‍ തീരുമാനിച്ചത്.

ഒരു ജിമ്മില്‍ ഒരുമിച്ച് ചേര്‍ന്ന് വ്യായാമങ്ങളിലേക്ക് കുടുംബത്തോടെ തിരിയുകയാണ് ഇവര്‍ ആദ്യം ചെയ്തത്. പേഴ്സണല്‍ ട്രെയിനര്‍ വിധിച്ച ന്യൂട്രീഷന്‍ പ്ലാന്‍ ഒരുമിച്ച് നടപ്പാക്കി. ഫാസ്റ്റ് ഫുഡും, ബിയറുമെല്ലാം ഡയറ്റില്‍ നിന്നും ഔട്ടായതോടെ ഫലം താനെ പുറത്തുവന്നു. ആറ് മാസം കൊണ്ട് എല്ലാവരും ചേര്‍ന്ന് ആകെ 45 കിലോ കുറച്ചു.
കുടുംബത്തില്‍ പ്രമേഹത്തിന്റെ ചരിത്രം ഉള്ളതാണ് തന്നെ ഈ ദൗത്യത്തിന് പ്രേരിപ്പിച്ചതെന്ന് സ്യൂ പ്രതികരിച്ചു. ജീവിതം സൂക്ഷ്മമായി പഠിച്ചപ്പോഴാണ് എത്രത്തോളം അനാരോഗ്യകരമായ ശൈലിയാണ് നയിക്കുന്നതെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. മാതാപിതാക്കള്‍ ഭാരം കുറച്ച് ആരോഗ്യത്തിലേക്ക് വഴികണ്ടെത്തിയപ്പോള് മക്കള്‍ അല്‍പ്പം മസിലുകള്‍ കൂടി സംഘടിപ്പിച്ചു. ഇപ്പോള്‍ പലരും തങ്ങളെ കാണുമ്പോള്‍ തിരിച്ചറിയുന്നില്ലെന്നതാണ് ഇവരെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം.