ചിലര്‍ മാസ്ക് ധരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് നമുക്ക് സംശയം തോന്നും. കൊറോണാവൈറസ് വ്യാപനത്തിന്റെ ഘട്ടത്തില്‍ നില്ക്കുമ്പോള് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന ഏതൊരാള്‍ക്കും മാസ്ക് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വകുപ്പ് ആവര്‍ത്തിക്കുമ്പോഴും ചിലര്‍ക്ക് അതൊരു തമാശയാണ്. ഹെല്‍മെറ്റ് കൈയില്‍ തൂക്കിയിട്ട് ബൈക്ക് ഓടിക്കുന്നത് പോലെ മാസ്ക് കഴുത്തിലേക്ക് മാറ്റിയിട്ട് സസുഖം വര്‍ത്തമാനം പറയുന്ന ആളുകളെ നമുക്ക് കാണാന്‍ കഴിയും.
പുതിയ കൊറോണാവൈറസ് പിടിപെടുന്നത് കുറയ്ക്കാന്‍ മാസ്ക് സുപ്രധാന പങ്കുവഹിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഡേവിസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലാണ് മൂക്കും, വായും മൂടുന്നത് കൊവിഡ്-19 ഇന്ഫെക്ഷന് 654 ശതമാനം കുറയ്ക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
മാസ്ക് വെച്ച് വൈറസിനെ തടയാം
നേരത്തെ വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനാണ് മാസ്ക് സഹായിക്കുകയെന്നാണ് ഗവേഷകര്‍ വിശ്വസിച്ചിരുന്നത്. പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് മുന്നേറുമ്പോള്‍ ശുഭകരമായ വസ്തുതയാണ് തിരിച്ചറിയുന്നത്. ഒരു കഷ്ണം തുണികൊണ്ട് മുഖം മറച്ചാല്‍ രോഗമുള്ളവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരില്ലെന്നതിന് പുറമെ ആരോഗ്യമുള്ളവരെ രോഗബാധിതരാകാതെ സംരക്ഷിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍.
രണ്ട് വിധത്തിലാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. ഒന്ന് തുമ്മുകയും, ചുമക്കുകയും ചെയ്യുമ്പോള്‍ വായുവിലേക്ക് പുറംതള്ളുന്ന ഡ്രോപ്ലെറ്റുകളാണ്. സംസാരിക്കുമ്പോള്‍ പുറത്തുവരുന്ന എയ്റോസോള്‍ പാര്‍ട്ടിക്കിളുകളാണ് രണ്ടാമത്തേത്. തിരക്കേറിയ ഇന്‍ഡോര്‍ സ്പേസുകള്‍ ഒഴിവാക്കുകയാണ് ഇവയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം.
മാസ്ക് ധരിക്കാന്‍ ഇതിലും കൂടുതല്‍ കാരണങ്ങള്‍ ആവശ്യമുണ്ടോ?