ജയിലില്‍ കിടക്കാന്‍ കുറ്റം ചെയ്യേണ്ട, 2000 രൂപയുടെ ടിക്കറ്റ് എടുത്താല്‍ മതി! ടൂറിസ്റ്റുകള്‍ക്കായി വാതില്‍ തുറന്ന് തിഹാര്‍

0
301

ജയില്‍ജീവിതം എന്നത് പേടിപ്പെടുത്തുന്ന ഒരു ചിന്തയാണ്. അതേക്കുറിച്ചുള്ള ഭയം തന്നെയാണ് കുറ്റകൃത്യങ്ങളില്‍ നിന്നും മനുഷ്യനെ അകറ്റുന്നത്. പുറംലോകവുമായി ബന്ധമില്ലാതെ തന്നേക്കാള്‍ കുടിലതയുള്ള കുറ്റവാളികള്‍ക്കൊപ്പം വസിക്കുകയെന്നത് ചെറിയ കാര്യവുമല്ല. എന്നിരുന്നാലും ഈ ജയില്‍ ജീവിതം അനുഭവിക്കാന്‍ വേണ്ടി കുറ്റം ചെയ്യുന്നത് പ്രാവര്‍ത്തികമായ കാര്യമല്ലല്ലോ.

അതുകൊണ്ട് തന്നെയാണ് ജയില്‍ അനുഭവം മനസ്സിലാക്കാന്‍ ഏഷ്യയിലെ ഏറ്റവും വലിയ ജയില്‍ അതിന്റെ വാതിലുകള്‍ തുറക്കാന്‍ ഒരുങ്ങുന്നത്. ഡല്‍ഹിയിലെ തിഹാര്‍ ജയിലാണ് ടൂറിസം പരിപാടിയില്‍ ഉള്‍പ്പെടുത്തി ജയില്‍ ജീവിതം തുറന്നുകാണിക്കാന്‍ തയ്യാറെടുക്കുന്നത്.

400 ഏക്കറില്‍ 16000 തടവുകാരെ പാര്‍പ്പിക്കുന്ന തിഹാര്‍ ജയിലില്‍ കുറ്റവാളികളുടെ വസ്ത്രം അണിഞ്ഞ്, താഴെക്കിടന്ന് ഉറങ്ങി, ഭക്ഷണം കഴിക്കാന്‍ 2000 രൂപയാണ് ഫീസ് ഈടാക്കുക. ഇതിനായി സന്ദര്‍ശക കോംപ്ലക്‌സ് തന്നെ തിഹാര്‍ സജ്ജമാക്കുന്നുണ്ട്. ജയിലില്‍ സുഖവാസത്തിന് വരുന്നതായി തോന്നാതിരിക്കാന്‍ തടവുകാരുടെ ജീവിതരീതി പാലിക്കേണ്ടതായി വരും.

തെലങ്കാനയിലെ 220 വര്‍ഷം പഴക്കമുള്ള സങ്കറെഡ്ഡി ജയിലില്‍ ടൂറിസം അനുവദിക്കുന്നുണ്ട്. ഫീല്‍ ദി ജയില്‍ അനുഭവിക്കാന്‍ വിദേശികള്‍ വരെ വിമാനം പിടിച്ച് എത്തുന്നു. തിഹാര്‍ ജയില്‍ ടൂറിസം പദ്ധതി ആഭ്യന്തര വകുപ്പിന് അയച്ചിരിക്കുകയാണ്. അംഗീകാരം ലഭിച്ചാല്‍ തിഹാറിലെ ജീവിതം അടുത്തറിയാന്‍ അവസരം ഒരുങ്ങും.