ആന ചവിട്ടി ചമ്മന്തിയാക്കുമെന്ന് പറഞ്ഞ് കേട്ടിട്ടേ ഉള്ളൂ, തായ്ലാന്‍ഡിലെ ഖാവോ യായ് ദേശീയ പാര്‍ക്കിലെ ആന ഇത് നേരിട്ട് കാണിച്ച് തന്നു. വനം കാണാനെത്തിയ ടൂറിസ്റ്റിന്റെ കാറിന് മുകളിലാണ് ആന കാല്‍നീട്ടി ഒരു ഇരുപ്പ് വെച്ചുകൊടുത്തത്.
ഏഴ് ടണ്‍ ഭാരമുള്ള ആനക്കൊമ്പനാണ് വാലാട്ടി നിന്ന ശേഷം കാറിന് മുകളില്‍ കയറി ഇരുന്നത്. കാറിന്റെ പിന്‍ഭാഗത്തെ ചില്ലും, മേല്‍ക്കൂരയും, ബോഡിയും ആനയുടെ ഭാരത്തില്‍ തകര്‍ന്നു. എന്നിരുന്നാലും കാറിനുള്ളില്‍ ഉണ്ടായ ഡ്രൈവര്‍ക്ക് ഭാഗ്യം ബാക്കിയുണ്ടായിരുന്നു.
ആന ഇരുപ്പ് നിര്‍ത്തി എഴുന്നേറ്റപ്പോള്‍ അതിവേഗത്തതില് കാര്‍ മുന്നോട്ടെടുത്ത് ഡ്രൈവര്‍ രക്ഷപ്പെട്ടു. കാര്‍ അല്‍പ്പം ചതഞ്ഞ് ‘ലാലേട്ടന്’ സ്റ്റൈലിലായിരുന്നു പോക്കെന്ന് മാത്രം. ദേശീയ ഉദ്യാനത്തില്‍ ആനകളില്‍ 100 അടി അകലം പാലിക്കണമെന്നാണ് ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദ്ദേശം.
കാഴ്ച ആസ്വദിക്കാന്‍ ശ്രമിക്കുന്ന യാത്രക്കാര്‍ ഇത് പലപ്പോഴും പാലിക്കാറില്ല.