കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന കുഴപ്പിക്കുന്ന ചോദ്യം പോലെയാണ് മുട്ടയില്ലാതെ ഒരു ഓംലെറ്റ് ഉണ്ടാക്കിയാലോ എന്ന് ചോദിക്കുന്നത്. പ്രോട്ടീന്‍ സമ്പുഷ്ടമാണെങ്കില്‍ കൂടിയും വെജിറ്റേറിയന്‍ രീതി പിന്തുടരുന്നവര്‍ക്ക് മുട്ട കൊണ്ടുണ്ടാക്കുന്ന ഓംലെറ്റ് കഴിക്കാനും സാധിക്കാത്ത വിഷമം കാണും.
ഇതിന് ഒരു പരിഹാരമായി ഇതാ മുട്ടലില്ലാത്ത ഓംലെറ്റ് രംഗപ്രവേശം നടത്തിയിരിക്കുന്നു. ദില്ലിയില്‍ ഇത്തരം മുട്ടയില്ലാ ഓംലെറ്റിന് മൂംഗ്ലെറ്റ് എന്നാണ് വിളിപ്പേര്. ഇനി എന്താണ് ഇതില്‍ അടങ്ങിയിട്ടുള്ളതെന്നല്ലേ, സംഗതി സിംപിളാണ്.
ദില്ലിക്കാരുടെ റെസിപ്പി പ്രകാരം 2 ടേബിള്‍ സ്പൂണ്‍ ചെറുപയര്‍ പൊടി, 1 ടേബിള്‍ സ്പൂണ്‍ കടലപ്പൊടി, ഒരു സവാള അരിഞ്ഞത്, 2 പച്ചമുളക് അരിഞ്ഞത്, കാല് ടീസ്പൂണ്‍ ഇഞ്ചി പേസ്റ്റ്, കാല് കപ്പ് മല്ലിയില, ഉപ്പ്, കുരുമുളക് പൊടി എന്നിവയും ഇത് കുഴമ്പ് രൂപത്തിലാക്കാന്‍ വെള്ളവുമാണ് ആവശ്യം.
വെള്ളം കൂടാത്ത തരത്തില്‍ ചേരുവകള്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുകയാണ് ആദ്യം വേണ്ടത്. ഇതിന് ശേഷം ഒരു പാന്‍ ചൂടാക്കി ഓംലെറ്റിന് ഒഴിക്കുന്നത് പോലെ പരത്തുക. ചെറിയ ഫ്ളെയിമില്‍ ഒന്ന് മൊരിഞ്ഞ ശേഷം തിരിച്ചിടുക. 3 മിനിറ്റിനുള്ളില്‍ സംഗതി റെഡി.