മുട്ട കഴിക്കുക എന്നാല്‍ തോടിനുള്ളിലെ മൃദുലമായ ഭാഗം മാത്രം കഴിക്കുക എന്നതാണ് നമ്മുടെ രീതി. മുട്ടയുടെ തോടിന് എന്നും മാലിന്യത്തിലാണ് സ്ഥാനം. എന്നാല്‍ മുട്ടയുടെ തോട് അത്രം ചെറിയ സംഭവമല്ലെന്നാണ് പഠനം പറയുന്നത്.
മുട്ടയുടെ തോട് കാല്‍ഷ്യം കാര്‍ബണേറ്റ്, പ്രോട്ടീന്‍, മറ്റ് ധാതുകള്‍ എന്നിവയാല്‍ നിര്‍മ്മിതമാണ്. ചവറ്റുകുട്ടയില്‍ കളയാതെ അകത്താക്കിയാല്‍ ഗുണമുണ്ടെന്നാണ് ഗവേഷകരുടെ പക്ഷം.
മുട്ടത്തോടിന്റെ 40 ശതമാനവും കാല്ഷ്യമാണ്. പകുതി തോട് തന്നെ ഒരു വ്യക്തിയുടെ ദിവസേന ആവശ്യമുള്ള കാല്‍ഷ്യം നല്‍കും. എല്ലുകളുടെ ആരോഗ്യത്തിന് കാല്‍ഷ്യം ആവശ്യമാണെന്ന് എല്ലാവര്ക്കും അറിയാം.
അതുകൊണ്ട് മുട്ടത്തോട് പൊടിയായി കഴിക്കുന്നത് നല്ലൊരു കാല്‍ഷ്യം സപ്ലിമെന്റായി പ്രവര്‍ത്തിക്കും. പ്രായമാകുമ്പോള്‍ വരുന്ന ഓസ്റ്റിയോപോറോസിസ് പോലുള്ള അവസ്ഥകളെ ഒഴിവാക്കാന്‍ ഇത് സഹായിക്കും.
മുട്ട പുഴുങ്ങി കഴിക്കുമ്പോള്‍ തോടിനുള്ളില്‍ കാണുന്ന പാട പോലുള്ള ഭാഗവും ഭക്ഷ്യയോഗ്യമാണ്. സന്ധികളുടെ ആരോഗ്യത്തിന് ഇവ ഗുണകരമാണെന്ന് പഠനം പറയുന്നു. മുട്ടത്തോട് തിളപ്പിച്ച് പൊടിച്ച് ഏതെങ്കിലും ഭക്ഷണത്തോടൊപ്പമോ, പാനീയത്തോട് ഒപ്പമോ കഴിക്കാമെന്നാണ് പറയുന്നത്. എന്നിരുന്നാലും ആരോഗ്യപ്രശ്നമുള്ളവര്‍ ഡോക്ടര്‍ പറയാതെ ഇതൊന്നും സ്വയം പരീക്ഷിക്കരുത്.