ജോര്ജ്ജുകുട്ടിക്കും, കുടുംബത്തിനും ഇനി നേരിടാനുള്ള പരീക്ഷണം എന്താണ്? ദൃശ്യം 2 വരുന്നുവെന്ന വാര്‍ത്തകള്‍ കേട്ടത് മുതല്‍ ചലച്ചിത്ര പ്രേമികളുടെ ചോദ്യമാണിത്. ജീത്തു ജോസഫ് വീണ്ടും ജോര്ജ്ജുകുട്ടിയെയും കുടുംബത്തെയും എടുത്ത് പ്രയോഗിക്കുമ്പോള്‍ ആദ്യ ഘട്ടത്തില്‍ കുഴിച്ചുമൂടിയ സത്യങ്ങള്‍ പുറത്തുവരുമോ? ഇത്രയും വിദഗ്ധമായി ചെയ്ത ഒരു കൃത്യത്തിന് പുതിയ ചിത്രത്തില്‍ തുമ്പുണ്ടാകുമോ? അങ്ങിനെ പോകുന്നു ആ ചോദ്യങ്ങള്‍.
ദൃശ്യത്തിന്റെ കഥാപാത്രങ്ങളെ പുതിയൊരു ഇടത്ത് അവതരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു കുറ്റകൃത്യത്തില്‍ പെട്ട കുടുംബത്തെ സംബന്ധിച്ച് നാട്ടിന്‍പുറത്ത് പ്രചരിക്കാന്‍ ഇടയുള്ള കഥകളും, സംശയങ്ങളും, ആരോപണങ്ങളുമെല്ലാമാണ് പുതിയ ചിത്രത്തിന്റെ ഇതിവൃത്തമെന്നും, യാതൊരു ത്രില്ലിംഗ് ഘടകവുമില്ലാത്ത, കുടുംബചിത്രമാണെന്നും ജീത്തു മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ട്.

ദൃശ്യം 2വിനായി കാത്തിരിക്കുന്നത് മലയാളികള്‍ മാത്രമോ?
സംവിധായകന്റെ മുന്‍കൂര്‍ ജാമ്യത്തിന് അപ്പുറത്താണ് കാര്യങ്ങളെന്ന് രണ്ടാം ഭാഗം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നതിലൂടെ വ്യക്തമാണ്. ദൃശ്യം ഏതെല്ലാം ഭാഷകളില്‍ റീമേക്ക് ചെയ്തുവെന്ന് മാത്രം ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാം.
ഏഴ് വര്‍ഷം മുന്പിറങ്ങിയ ദൃശ്യം തമിഴില്‍ പാപനാശമായും, കന്നഡയില്‍ ദൃശ്യയായും, തെലുങ്കില്‍ ദ്റുശ്യമായും, ഹിന്ദിയില്‍ ദൃശ്യമായും, സിന്‍ഹളീസ് ഭാഷയില്‍ ധര്മ്മയുദ്ധയയായും, ചൈനീസില്‍ ഷീപ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്ന പേരിലും റീമേക്ക് ചെയ്യപ്പെടുകയും, എല്ലാ ഭാഷകളിലും വിജയം ഏറ്റുവാങ്ങുകയും ചെയ്തു.

മധ്യവര്ഗ്ഗക്കാരനായ, സൈ്വര്യമായി ജീവിക്കുന്ന ഒരു കുടുംബത്തിന്റെ അവസ്ഥകള്‍ ലോകം മുഴുവനുമുള്ള കാഴ്ചക്കാരിലേക്ക് എളുപ്പം കണക്ട് ചെയ്യപ്പെട്ടുവെന്നതാണ് ഈ വിജയത്തിന് പിന്നിലെ ഘടകം.
കേരളക്കരയിലെ തീയേറ്ററോ, ആഗോള പ്രേക്ഷകനോ?
എല്ലാ നിയമങ്ങളും ലംഘിച്ചിട്ടും ജോര്ജ്ജുകുട്ടിയോടും, കുടുംബത്തോടും പ്രേക്ഷകര്‍ ക്ഷമിച്ചതും ഇതൊരു സ്വാഭാവിക പ്രതികരണമാണെന്ന നിലയിലാണ്. ദൃശ്യത്തിലൂടെ വിവിധ ഭാഷകളിലെ, രാജ്യങ്ങളിലെ പ്രേക്ഷകനോടാണ് ആ സിനിമ കഥ പറഞ്ഞത്.
ഈ ഇടങ്ങളിലെല്ലാം ദൃശ്യം 2ല്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാനുള്ള ജിജ്ഞാസയുണ്ടാകും. ആ ആകാംക്ഷ പ്രയോജനപ്പെടുത്തുകയാണ് യഥാര്‍ത്ഥത്തില്‍ ദൃശ്യം 2 ഓണ്‍ലൈന്‍ റിലീസിലൂടെ ചെയ്യുന്നത്. കേരളത്തിലെ തീയേറ്ററില്‍ ആളെ തിരിച്ചെത്തിക്കാന്‍ ദൃശ്യം 2 റിലീസ് ചെയ്യാമായിരുന്നു എന്നതിന് അപ്പുറം കൂടുതല്‍ വിശാലമായ ലോകത്താണ് രണ്ടാം ഭാഗം എത്തുന്നത്.

മേല്‍പ്പറഞ്ഞ, റീമേക്ക് ചെയ്യപ്പെട്ട എല്ലാ ഭാഗത്തും പ്രേക്ഷകന് ജോര്‍ജ്ജുകുട്ടിയുടെ കുടുംബത്തിന് എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കുകയാണ്. ദൃശ്യം 2ന്റെ പ്രചരണങ്ങളില്‍ ഉള്‍പ്പെടെ ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് വെറുതെയല്ലെന്ന് സാരം! കൈയില്‍ ആമസോണ്‍ പ്രൈം ഉണ്ടോയെന്ന് ചോദിക്കുന്നതാണ് ഈ മണിക്കൂറിലെ പ്രധാന ചോദ്യം!