10 ജന്‍പഥില്‍ നിന്നും ഉത്തരവ് അനുസരിക്കാന്‍ മാത്രമൊരു പ്രധാനമന്ത്രി; ആ മന്‍മോഹനാണ് ഇപ്പോള്‍ കുറ്റങ്ങള്‍ വിളമ്പുന്നത്; കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

0
302

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞ സാഹചര്യത്തില്‍ ബിജെപി സര്‍ക്കാരിനെ ലക്ഷ്യമിട്ട് അഭിപ്രായപ്രകടനങ്ങള്‍ നടത്തിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് മറുപടിയുമായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. 10 ജന്‍പഥില്‍ നിന്നും എത്തുന്ന ഉത്തരവുകള്‍ അനുസരിക്കാന്‍ മാത്രം തന്റെ ഭരണകാലം വിനിയോഗിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിംഗെന്നാണ് പീയുഷ് ഗോയലിന്റെ തിരിച്ചടി.

മന്‍മോഹന്‍ സിംഗ് നയിച്ച യുപിഎ ഗവണ്‍മെന്റില്‍ യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയുടെ ഇടപെടലിനെക്കുറിച്ചാണ് ഗോയല്‍ ചൂണ്ടിക്കാണിച്ചത്. സത്യസന്ധമായ ഒരു സര്‍ക്കാരിനെ പ്രവര്‍ത്തിപ്പിക്കാന്‍ പോലും മന്‍മോഹന് സാധിച്ചില്ല. സ്വന്തം നിലയ്ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ പോലുമുള്ള ശേഷി ഡോ. മന്‍മോഹന്‍ സിംഗിനില്ല, ഗോയല്‍ വിമര്‍ശിച്ചു.

ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയാണ് 10 ജന്‍പഥ്. ‘സ്വന്തം പരാജയങ്ങളിലേക്ക് വെളിച്ചം വീശുകയാണ് ഡോ. മന്‍മോഹന്‍ ചെയ്യേണ്ടത്, എവിടെയാണ് അദ്ദേഹത്തിന് തെറ്റ് പറ്റിയത്. എന്ത് കൊണ്ടാണ് ശക്തമായ ഒരു സാമ്പത്തിക വ്യവസ്ഥിതി നിലനിര്‍ത്താനും, വിശ്വസ്തമായ സര്‍ക്കാരിനെ നല്‍കാനും കഴിയാഞ്ഞത്, 10 ജന്‍പഥില്‍ നിന്നും ഉത്തരവ് സ്വീകരിക്കാന്‍ മാത്രം നിസ്സഹായനായി പോയത് എന്താണ്, സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ പോയത് എന്ത് കൊണ്ടാണ്’, പീയൂഷ് ഗോയല്‍ ചോദിച്ചു.