ഡെയ്സി മെയ് ദിമിത്രിക്ക് ആ നിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല, അതുപോലെ തന്നെയാണ് റാംപിന് ചുറ്റും കാണികളായി ഇരുന്നവരുടെയും അവസ്ഥ. ഒരിക്കലും ഡെയ്സിയെ അവര്‍ മറക്കില്ല. കാരണം പൊയ്ക്കാലുകളുമായാണ് ആ 9 വയസ്സുകാരി ന്യൂയോര്‍ക്ക് കാറ്റ്വാക്ക് വേദിയില്‍ ചുവടുവെച്ചത്.
കാണികള്‍ കൈയടികളോടെയാണ് ഡെയ്സിയെ വരവേറ്റത്. കേവലം 18 മാസം പ്രാമുള്ളപ്പോഴാണ് അവളുടെ ഇരുകാലുകളും മുറിച്ചുനീക്കേണ്ടി വന്നത്. ബ്ലേഡ് കാലുകളുമായി നടന്നുനീങ്ങുന്ന ഡെയ്സിയ്ക്ക് പാരീസ് ഫാഷന്‍ വീക്കിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

കൂടാതെ നൈക്ക്, ബോഡന്, റിവര്‍ ഐലന്‍ഡ്, മാറ്റലാന്, പ്രിമാര്‍ക് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയും ഡെയ്സി വേഷമണിഞ്ഞു. ‘ഞാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്ന ധാരണയില്ല. പക്ഷെ ഒന്നും നിങ്ങളെ പിന്നോട്ട് വലിക്കരുതെന്ന ചിന്തയുണ്ട്. ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുക’, ഡെയ്സിയുടെ വാക്കുകളില്‍ ആത്മവിശ്വാസം.
ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നിന്നുള്ള ക്ലെയര്‍, അലക്സ് ദമ്പതികള്‍ക്ക് മകളുടെ ജീവിതം സാധാരണമാകില്ലെന്ന് ഗര്‍ഭാവസ്ഥ മുതല്‍ അറിവുണ്ടായിരുന്നു. കാലുകള്‍ പൂര്‍ണ്ണമായി വളരാതെ വന്നതോടെയാണ് മുറിച്ചുനീക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
തന്റെ കാലുകളെ ഓര്‍ത്ത് വിഷമിച്ച് ഇരിക്കാത്ത മകളുടെ ചുറുചുറുക്ക് കണ്ടാണ് പിതാവ് അലക്സ് അവളുടെ സ്വപ്നങ്ങളില്‍ ഒപ്പം നിന്നത്. കുറവുകളുള്ളവര്‍ക്ക് മോഡലിംഗ് അവസരം നല്‍രുന്ന സിബിഡി മാനേജ്മെന്റിനൊപ്പം ചേര്‍ന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. രണ്ട് വര്‍ഷം മുന്‍പ് കുട്ടികളുടെ ലണ്ടന്‍ ഫാഷന്‍ വീക്കില്‍ ഇറങ്ങിയ ഡെയ്സിയാണ് തന്റെ പ്രചോദനമെന്ന് പിതാവ് പറയുന്നു.