കൊറോണ കഴിഞ്ഞാല്‍ പ്രളയം വരുമോ? ജനങ്ങളെ ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളുടെ സത്യമെന്ത്?

  Will there be flood in Kerala in 2020 too, answer is here

  0
  533

  ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച കൊറോണാവൈറസാണ്. ഈ വൈറസിനെക്കുറിച്ച് ശാസ്ത്രലോകം പോലും കണ്ടെത്തിയിട്ടില്ലാത്ത പല വിശകലനങ്ങളും നമുക്ക് ചുറ്റും നടക്കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പതിവ് രാഷ്ട്രീയക്കാരെ കാണാനില്ല. പകരം ഏതെങ്കിലും വിദഗ്ധരെ കൊണ്ടുവന്ന് ഇരുത്തിയിരിക്കുന്നു. പരമാവധി ഭയപ്പെടുത്തല്‍ കുറച്ച് സമാധാനപരമായി ചര്‍ച്ച നയിക്കാന്‍ അവതാരകര്‍ ശ്രമിക്കുണ്ടെങ്കിലും ഇടയ്ക്ക് കൈവിട്ട് പോകും. പഠിച്ചുവെച്ചത് എക്‌സ്‌ക്ലൂസീവ് അടിച്ച് ആളുകളെ പേടിപ്പിച്ച് റേറ്റിംഗ് ഉണ്ടാക്കാനായത് കൊണ്ട് കുറ്റം പറയാനില്ല.

  ചാനല്‍ സീരിയലുകളെ തോല്‍പ്പിക്കുന്ന നാടകീയത ചില മാധ്യമങ്ങള്‍ പ്രകടിപ്പിക്കും. ഓണ്‍ലൈന്‍ ലോകവും, ട്രോളും സജീവമായതോടെ അതിനെ മറികടക്കുന്ന കണ്ടന്റ് വിളമ്പാന്‍ മാധ്യമങ്ങളും പത്രങ്ങളും നിര്‍ബന്ധിതമായിരിക്കുന്നു. അപ്പോഴാണ് ഭയപ്പെടുത്താന്‍ തക്കവണ്ണമുള്ള കൊറോണ രംഗത്തിറങ്ങിയത്. ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് കൂടുതല്‍ വാര്‍ത്തകള്‍ തേടിപ്പോകേണ്ട ഗതികേടുമില്ല.

  കൊറോണ വിചാരിച്ചത് പോലെ ഇന്ത്യയില്‍ ഭീകരാമാകാതെ പോയതില്‍ മാധ്യമങ്ങള്‍ക്ക് നിരാശ ഉള്ളത് കൊണ്ടാകണം പെയ്യുന്ന ചെറിയ മഴയ്‌ക്കൊപ്പം ചേര്‍ന്ന് പ്രളയ ശങ്ക കൂടി വികസിപ്പിക്കുന്നത്. കൊറോണ കഴിഞ്ഞാല്‍ മഴയും, പ്രളയവുമെന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. ഇതിനായി പ്രമുഖ മാധ്യമങ്ങളും, ഓണ്‍ലൈനിലെ എക്‌സ്‌ക്ലൂസീവ് ഭയപ്പെടുത്തലുകാരും ഉപയോഗിച്ചത് തമിഴ്‌നാട് വെതര്‍മാന്റെ ഒരു താരതമ്യ പഠനമാണ്.

  തമിഴ്‌നാട് വെതര്‍മാന്‍ കേരളത്തില്‍ പ്രളയം പ്രവചിച്ചോ?

  ഇല്ല. ഇതാണ് ഉത്തരം. 150 വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് ഹാട്രിക്കായി നല്ല സൗത്ത് വെസ്റ്റ് മണ്‍സൂണ്‍ കേരളത്തിന് ലഭിച്ചത്. 2018, 2019 വര്‍ഷങ്ങളില്‍ സമാനമായ നല്ല മണ്‍സൂണ്‍ കിട്ടിയ കേരളത്തിന് 2020-ല്‍ ഇത് പ്രതീക്ഷിക്കാമോയെന്നാണ് അദ്ദേഹം നടത്തിയ വിശകലനം.

  2007-ല്‍ കേരളത്തിന് 2786 എംഎം മഴ ലഭിച്ചിരുന്നു. ഇതിന് ശേഷം 2018-ലാണ് നല്ലൊരു മഴ കിട്ടിയത്. 2517 എംഎം മഴയാണ് പ്രളയം എത്തിയ വര്‍ഷത്തില്‍ കേരളത്തിന് സിദ്ധിച്ചത്. 2019-ല്‍ 2310 എംഎം മഴയും ലഭിച്ചു. ഈ രണ്ട് വര്‍ഷങ്ങളിലും കേരളത്തെ പ്രളയം തേടിയെത്തി. ഈ വര്‍ഷവും കേരളത്തിന് നല്ല രീതിയില്‍ മഴ ലഭിക്കുമെന്നാണ് ലോംഗ് റേഞ്ച് മോഡലുകള്‍ കാണിക്കുന്നതെന്ന് തമിഴ്‌നാട് വെതര്‍മാന്‍ പറയുന്നു. 2300 എംഎമ്മിന് അടുത്ത് തന്നെ മഴ ലഭിച്ചേക്കാം.

  നല്ല മഴ എന്നതിന് വെള്ളപ്പൊക്കം എന്ന് അര്‍ത്ഥമില്ലെന്ന് ഇവിടെ വ്യക്തം. അതുകൊണ്ട് മാധ്യമങ്ങളും, ഈ ഓണ്‍ലൈന്‍ വെള്ളപ്പൊക്ക പ്രേമികളുടെയും ഭയപ്പെടുത്തലുകളില്‍ വീഴേണ്ടതില്ല. 2018-ലെ വെള്ളപ്പൊക്കം ജാഗ്രതക്കുറവ് കൊണ്ട് സംഭവിച്ച ദുരന്തം കൂടിയാണെന്ന് മെട്രോമാന്‍ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതും മറക്കേണ്ടതില്ല.