ആരോഗ്യ അടിയന്തരാവസ്ഥ നേരിടുകയാണ് ലോകം. പകര്‍ച്ചവ്യാധിയില്‍ നിന്നും മഹാമാരിയായി കൊവിഡ്-19 ഇന്ഫെക്ഷന് രൂപമാറ്റം വരുത്തിയതോടെ ലോകം ഞെട്ടലിലാണ്. ഒപ്പം ഇതുമായി എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലും. ഈ സമയത്ത് പലവിധ വാക്കുകളും പ്രയോഗിക്കപ്പെടുകയും, നല്ലൊരു ശതമാനം പേര്‍ക്ക് ഇതിന്റെ അര്‍ത്ഥം മനസ്സിലാകാതെ പോകുകയും ചെയ്യും.
കൊറോണാ കാലത്ത് അത്തരം രണ്ട് വാക്കുകളാണ് പ്രധാനമായും പറഞ്ഞ് കേള്‍ക്കുന്നത്. ഒന്ന് ക്വാറന്റൈന്, രണ്ട് ഐസോലേഷന്. ഐസൊലേഷനിലേക്ക് മാറ്റുമ്പോഴേക്കും ആശുപത്രികളില്‍ നിന്നും ആളുകള്‍ മുങ്ങുന്നതായി വാര്‍ത്ത കേള്‍ക്കാറില്ലേ. എന്താണ് അപ്പോള്‍ ഈ ഐസൊലേഷന്‍.
ഐസോലേഷന് എന്നാല്‍:
മറ്റ് വ്യക്തികളില്‍ നിന്നും, വസ്തുക്കളില്‍ നിന്നും ഒരാളെ അകറ്റി, വേര്‍തിരിച്ച് നിര്‍ത്തുന്നതാണ് ഐസൊലേഷന്‍. മെഡിക്കല്‍ രീതിയില്‍ പകരുന്ന രോഗങ്ങളുള്ള വ്യക്തിയെ പൂര്‍ണ്ണമായി മറ്റുള്ളവരില്‍ നിന്ന് അകറ്റിനിര്‍ത്തുകയാണ് ഈ ഐസൊലേഷന്‍.
അമേരിക്കയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് & പ്രിവന്‍ഷന്‍ (സിഡിസി) വിവരം അനുസരിച്ച് ‘പകരുന്ന രോഗമുള്ള ഒരു വ്യക്തിയെ, അല്ലെങ്കിലും ഒരു സംഘം ആളുകളെ രോഗം ബാധിക്കാത്തവരില്‍ നിന്നും മാറ്റിനിര്‍ത്തി രോഗം വരാതെ സൂക്ഷിക്കുക’ എന്നതാണ്. രോഗമില്ലാത്തവര്‍ക്ക് രോഗം വരരുത് എന്ന സദുദ്ദേശമാണ് ഐസൊലേഷനുള്ളത്.
ക്വാറന്ൈന് എന്നാല്‍:
രോഗം പടരുന്നത് തടയാന്‍ ഏര്‍പ്പാടാക്കുന്ന കര്‍ശനമായ ഐസൊലേഷന്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇത് തന്നെയാണ് ഐസൊലേഷന്‍ എന്ന് ചിന്തിക്കാന്‍ വരട്ടെ, സിഡിസി പറയുന്നത് ഇതാണ്.
‘രോഗലക്ഷണങ്ങള്‍ കാണിക്കാത്ത പകര്‍ച്ചവ്യാധി ഉണ്ടെന്ന് സംശയിക്കുന്ന ഒരു വ്യക്തിയെ, അല്ലെങ്കിലും ഒരു സംഘത്തെ മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാതെ വേര്‍തിരിച്ച് നിര്‍ത്തുക’, എന്നതാണ് ക്വാറന്റൈന്. ഇവിടെ രോഗം സംശയിക്കുന്ന ആള് രോഗലക്ഷണം പ്രകടമാക്കിയിട്ടില്ലെന്നതാണ് പ്രധാന വ്യത്യാസം.
അതായത് നിലവില്‍ രോഗിയല്ലെങ്കിലും പകര്ച്ചവ്യാധിയുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരികയോ മറ്റോ ചെയ്തവരാണ് ക്വാറന്റൈന് ചെയ്യപ്പെടുക.