ധനുഷ് കോടിയിലേക്കൊരു യാത്ര

0
344

രാമേശ്വരത്ത് നിന്ന് തൊഴുതിറങ്ങിയപ്പോള്‍ വല്ലാത്ത സമാധാനമായിരുന്നു മനസ്സില്‍.ഇതുവരെ ചെയ്ത പാപങ്ങള്‍ കഴുകി കളഞ്ഞല്ലോ എന്ന സന്തോഷം.പക്ഷെ ഇനി പുതിയതായി ചെയ്യുന്ന തെറ്റുകളില്‍ നിന്ന് മുക്തി നേടാന്‍ എപ്പോഴാണാവോ വരുക എന്ന ചിന്തയും എനിക്കുണ്ടായി.കൂട്ടത്തില്‍ യാത്ര ചെയ്ത ഒരു ചേട്ടന്റെ കമന്റ് ഇങ്ങനെയായിരുന്നു.’ ഇനി തെറ്റുകള്‍ ഒന്നേ എന്നു തുടങ്ങി ചെയ്തു തുടങ്ങണമെന്ന് …ഏതായാലും അടുത്ത യാത്ര ധനുഷ് കോടിയിലേക്കാണ്.രാമേശ്വരത്ത് നിന്ന് 20 കിലോമീറ്റര്‍ ദൂരം ഞങ്ങളുടെ സ്വന്തം വണ്ടിയില്‍ സുഖയാത്ര.പിന്നീടുള്ള യാത്രയ്ക്ക് മറ്റൊരു വാഹനം.മിനി വാന്‍ എന്നൊക്കെ വിളിച്ചാല്‍ കുറച്ച് ആര്‍ഭാടമായി പോകും.മീന്‍ വണ്ടി എന്നാണ് ഞങ്ങളിട്ട പേര്.ജാടയോടെ ഡ്രൈവര്‍ വണ്ടിയിലേക്ക് നോക്കി ദൂരെ മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ ചെറിയൊരു സങ്കടം തോന്നി.ഉച്ചയ്ക്കുള്ള 3 മണിയുടെ വെയിലും ചൂടും സഹിച്ച് നില്‍ക്കുന്ന ഞങ്ങളെ അയാള്‍ ശ്രദ്ധിക്കുന്നതേ ഇല്ല.പരമാവധി ആളുകളെ കയറ്റിയാണ് ഒടുവില്‍ യാത്ര തിരിച്ചത്.ഏകദേശം 8 കിലോമീറ്റര്‍ പൂഴി മണലിലൂടെയാണ് യാത്ര.ചില വശങ്ങളില്‍ നല്ല നീല നിറത്തില്‍ കടല്‍ കാണാം.നമ്മുടെ നാട്ടിലെ കടല്‍ പോലെയല്ല മറിച്ച് കൂടുതല്‍ ഭംഗി തോന്നും ഇവയ്ക്ക്.യാത്രയ്ക്കിടെ അവിടവിടെ ചില പൊട്ടിയ ഭിത്തിയും ഓല മേഞ്ഞ വീടുകളും ചീത്തയായി കിടക്കുന്ന ബോട്ടുകളുമൊക്കെ കാണാം.

യാത്രയിലുടനീളം രാമന്‍ സീതയെ രക്ഷിക്കാന്‍ പോയ കഥ മാത്രമായിരുന്നു മനസ്സില്‍.രാമസേതു സത്യമായിരിക്കുമോ എന്നും ഈ മണ്ണ് രാമന്റെ കാല്‍ പാദങ്ങളേറ്റ് പുണ്യമായിരിക്കുമല്ലോ എന്നിങ്ങനെ കുറേ ആലോചിച്ചു.ബംഗാള്‍ ഉള്‍ക്കടലും മഹാസമുദ്രവും ചേരുന്ന കാഴ്ച കാണേണ്ടത് തന്നെ.ഈ വ്യത്യാസം മനസ്സില്‍ തെല്ലൊരു അദ്ഭുതം തന്നെയായിരുന്നു.കക്കയും ശംഖുപയോഗിച്ചുള്ള പലതരം ആഭരണങ്ങളും ഒക്കെ വില്‍ക്കുന്ന ചില കടകള്‍ കാണാം.ഒടുവില്‍ ആകാംക്ഷയ്ക്ക് വിരാമമായി എന്നു തന്നെ പറയാം.ഈ ഇടനാഴിയ്ക്ക് വെറും 30 കിലോമീറ്റര്‍ അകലെ കാണുന്നതാണ് ശ്രീലങ്ക.രാവണന്റെ സ്വന്തം ലങ്ക.രാമസേതുവിന്റെ ശേഷിപ്പുകള്‍ എന്നു വിശ്വസിക്കുന്ന സ്ഥലങ്ങള്‍ കണ്ടപ്പോള്‍ ഇതിഹാസങ്ങളെല്ലാം സത്യമാണെന്ന് തോന്നിപ്പോയി.ശ്രീലങ്ക ഇത്ര അടുത്താണല്ലോ എന്ന അമ്പരപ്പും മനസ്സിലുണ്ടായി.ഇവിടത്തെ യാത്ര കഴിഞ്ഞ് നേരെ പോയത് ധനുഷ്‌കോടിയിലെ പഴയ ടൗണിലേക്കാണ്.തകര്‍ന്ന റെയില്‍വേ സ്റ്റേഷനായിരുന്നു ആദ്യം.ധനുഷ്‌കോടി കാണാനെത്തുന്നവരെല്ലാം ഇവിടേയും സന്ദര്‍ശനം നടത്തുന്നുണ്ട്.അതിനാല്‍ തന്നെ ഇവിടേയും ചില്ലറ വില്‍പ്പനക്കാരുണ്ട്.തകര്‍ന്നടിഞ്ഞ വീടുകളുടേയും പള്ളിയുടേയും സ്‌കൂളിന്റേയും ശേഷിപ്പുകള്‍ ഇപ്പോഴും കാണാം.ചെറിയ ചില പുതിക്കി പണിയലുകള്‍ നടന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം ദുരന്തത്തിന്റെ നേര്‍കാഴ്ചകള്‍ തന്നെയായിരുന്നു.പ്രകൃതിയുടെ ക്രൂരത ഇനിയും ഏറ്റുവാങ്ങാന്‍ കഴിയാത്തത് കൊണ്ടാവാം ഇനി ഇവിടെ താമസമൊരുക്കാന്‍ ആരും തയ്യാറാകാത്തത്.ഏത്രയോ പേരുടെ മരണത്തിന് കാരണമാക്കിയ ദുരന്തമായിരുന്നു അത്.1964 ലെ ചുഴലിക്കാറ്റ് ധനുഷ്‌കോടിയെ മുഴുവനായി പിടിച്ചുലച്ചു.ഇവിടെ നിന്നും ശ്രീലങ്കയിലേക്കുണ്ടായ എല്ലാ ഫെറി സര്‍വീസുകളും ഇതോടെ ഇല്ലാതായി.ഏതായാലും രാമസേതുവിനായി ഉപയോഗിച്ചു എന്നു പറയുന്ന കല്ലുകള്‍ കണ്ടപ്പോള്‍ ,ഇവയുടെ ശേഷിപ്പുകള്‍ കണ്ടപ്പോള്‍ ഇത്രയും കടുത്ത ദുരന്തം ഈ പുണ്യഭൂമിയ്ക്ക് വരരുതായിരുന്നു എന്നു തോന്നി.2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമി ഭാഗ്യത്തിന് ധനുഷ്‌കോടിയെ ബാധിച്ചില്ല.രാമേശ്വരവും സുരക്ഷിതമായിരുന്നു.

മണല്‍ തിട്ടകള്‍ താണ്ടി ഒടുവില്‍ രാമേശ്വരത്തിന് പോകേണ്ട പാതയിലേക്ക് തിരിച്ചെത്തി.വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്തേക്കുള്ള യാത്രയില്‍ വിദേശികളും ബീച്ചിന്റെ ഭംഗി ആസ്വദിക്കുന്നതായി കണ്ടു.ശ്രീരാമന്റെ പാദം പതിച്ച കല്ല് ഇവിടെ ഒരിടത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അവിടേക്കുള്ള യാത്രയാണ് ഇനി അടുത്ത ലക്ഷ്യമെന്നും എന്റെ സുഹൃത്ത് ഇതിനിടയില്‍ പറഞ്ഞു.ഏതായാലും വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കല്ലുകള്‍ക്ക് ശാസ്ത്രം എത്ര വിശദീകരണം നല്‍കുന്നുണ്ടെങ്കിലും രാമസേതു കാണേണ്ട ഒരു കാഴ്ച തന്നെയാണ് .രാമേശ്വരം വന്നാല്‍ തീര്‍ച്ചയായും ധനുഷ്‌കോടി കൂടി കാണണമെന്ന് ചുരുക്കം.