മുസ്ലീമിന്റെ ഭക്ഷണം വേണ്ട; സ്വിഗ്ഗി ഓര്‍ഡര്‍ നിരാകരിച്ച് കസ്റ്റമര്‍; ‘ഞങ്ങളും നിങ്ങളും മനുഷ്യരല്ലേ’?

0
284

ഭക്ഷണത്തില്‍ മതംചേര്‍ക്കുന്ന വാര്‍ത്ത കുറച്ച് നാള്‍ മുന്‍പാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ആപ്പായ സൊമാറ്റോയില്‍ വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തിയത്. ഇപ്പോള്‍ ആപ്പ് സ്വിഗ്ഗിയും സമാനസംഭവം നേരിടുകയാണ്. ഹൈദരാബാദിലാണ് ഭക്ഷണവുമായി വന്ന സ്വിഗ്ഗി ഡെലിവെറി എക്‌സിക്യൂട്ടീവ് മുസ്ലീമാണെന്ന കാര്യം പറഞ്ഞ് കസ്റ്റമര്‍ ഓര്‍ഡര്‍ നിരസിച്ചത്.

ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍ സ്വിഗ്ഗി എക്‌സിക്യൂട്ടീവ് ഷാ അലി ബന്ദ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ആലിയബാദ് സ്വദേശി അജയ് കുമാര്‍ എന്നയാളാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച കസ്റ്റമര്‍. ‘സ്‌പൈസ് കുറച്ച് മതി, ഡെലിവെറി ഹിന്ദു ഡെലിവെറി എക്‌സിക്യൂട്ടീവ് ചെയ്യണം. ഇത് അടിസ്ഥാനമാക്കിയാകും റേറ്റിംഗ്’, റെസ്റ്റൊറന്റിനുള്ള നിര്‍ദ്ദേശങ്ങളില്‍ ഇയാള്‍ തന്റെ മതവികാരവും രേഖപ്പെടുത്തി.

എന്നാല്‍ ആപ്പ് എക്‌സിക്യൂട്ടീവിനെ നിയോഗിക്കുന്നത് അല്‍ഗോരിതം അടിസ്ഥാനമാക്കിയാണ്. ഇതോടെ കസ്റ്റമറുടെ നിലപാട് അറിയാത്ത മുഹമ്മദ് മുദാസിര്‍ സുലേമാന്‍ ഭക്ഷണവുമായി അജയയ്ക്ക് മുന്നിലെത്തി. എന്നാല്‍ ഇയാള്‍ ഡെലിവെറി സ്വീകരിക്കാന്‍ തയ്യാറായില്ല.

തന്റെ പേര് കേട്ട നിമിഷത്തില്‍ കസ്റ്റമര്‍ രോഷാകുലനായെന്ന് സുലേമാന്‍ പറഞ്ഞു. കസ്റ്റമറുടെ നിര്‍ദ്ദേശം നോക്കാതെ ഡെലിവെറി ചെയ്‌തെന്ന പേരില്‍ ബഹളം വെച്ചു. ഇതോടെ വിഷയം കസ്റ്റമര്‍ കെയറില്‍ വിളിച്ച് അറിയിച്ചു. കസ്റ്റമര്‍ എക്‌സിക്യൂട്ടീവ് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഭക്ഷണം ഇല്ലെങ്കിലും സാരമില്ല, മുസ്ലീം എക്‌സിക്യൂട്ടീവിന്റെ കൈയില്‍ നിന്നും ഭക്ഷണം വേണ്ടെന്ന് ശഠിച്ചു.

ഒടുവില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത കസ്റ്റമര്‍ ആപ്പ് ഡിലീറ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. കസ്റ്റമറുടെ പ്രവൃത്തിയില്‍ സുലേമാനോട് മാപ്പ് ചോദിച്ചാണ് കസ്റ്റമര്‍ എക്‌സിക്യൂട്ടീവ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ സുലേമാന്‍ അജയ് കുമാറിന് എതിരെ അടുത്ത പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വിഷയത്തില്‍ പോലീസും, സ്വിഗ്ഗിയും പ്രതികരിച്ചിട്ടില്ല.