ഗുരുശിഷ്യന് എന്ന സിനിമ ഓര്‍മ്മയുണ്ടോ? ആസ്ത്മ ബാധിച്ച ജഗതി ശ്രീകുമാറിനെ കൊണ്ട് തോട്ടില്‍ നിന്നും പിടിച്ച മീന്വിഴുങ്ങാന് പ്രേരിപ്പിക്കുന്ന അളിയനായി സലിംകുമാര്‍ എത്തിയ ചിത്രം. മലയാളികളെ ഏറെ ചിരിപ്പിച്ച ആ മീന്‍ യഥാര്‍ത്ഥത്തില്‍ അങ്ങ് ഹൈദരാബാദില്‍ നിന്നും വരേണ്ടതായിരുന്നു. പക്ഷെ സലിംകുമാര്‍ കഥാപാത്രം അതിനുള്ള പണം വിഴുങ്ങിയതോടെയാണ് ജഗതിക്ക് തോട്ടിലെ മീന്‍ വിഴുങ്ങാന്‍ കിട്ടിയത്.
വര്‍ഷാവര്‍ഷം നടന്നുവരുന്ന ഈ മീന്വിഴുങ്ങല് പരിപാടി ആസ്ത്മ രോഗികള്‍ക്ക് ഒരു തമാശയല്ല. ‘മീന്‍ പ്രസാദം’ വിഴുങ്ങാന്‍ ആളുകള്‍ ജൂണ്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ ഹൈദരാബാദിലേക്ക് വെച്ചുപിടിക്കുന്നത് വെറുതെയല്ല. എന്തായാലും കൊറോണാവൈറസ് നടമാടുന്ന വേളയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഈ വര്‍ഷത്തെ പ്രസാദ വിതരണം ഉപേക്ഷിച്ചിരിക്കുകയാണ്.
ഹൈദരാബാദിലെ ബതിനി ഗൗഡ് കുടുംബമാണ് ഈ മീന്‍ പ്രസാദ പരിപാടി നടത്തുന്നത്. ജൂണ്‍ മാസത്തിലെ ആദ്യ ആഴ്ച നടക്കേണ്ട ചടങ്ങ് ഈ വര്‍ഷം നടത്തുന്നില്ലെന്ന് കുടുംബത്തിലെ മേധാവി ഹരിനാഥ് ഗൗഡ് അറിയിച്ചു. ദശകങ്ങള്‍ക്കിടെ ആദ്യമായാണ് മീന്‍ പ്രസാദം വിതരണം കുടുംബം വേണ്ടെന്ന് വെച്ചത്.
തെലങ്കാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് 29 വരെ നീട്ടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ മാറ്റിയാലും സാമൂഹിക അകലം പാലിക്കുന്നത് പ്രാവര്‍ത്തികമല്ലെന്ന് ഹരിനാഥ് ഗൗഡ് പറയുന്നു. 175 വര്‍ഷക്കാലമായി കുടുംബം നല്കുന്ന മീന്‍ പ്രസാദം വാങ്ങാന്‍ ആസ്ത്മ, ശ്വാസസംബന്ധ അസുഖങ്ങളുള്ളവര്‍ ഇവിടെ എത്താറുണ്ട്.
ശാസ്ത്രീയമായ കാര്യമല്ല ബതിനി ഗൗഡ് കുടുംബം ചെയ്യുന്നതെന്ന് ആരോപണം ഉണ്ടെങ്കിലും വര്‍ഷാവര്‍ഷം എത്തുന്ന ആളുകളുടെ എണ്ണമേറുകയാണ് ചെയ്യുന്നത്. തങ്ങളുടെ രഹസ്യ പച്ചമരുന്ന് പാരമ്പര്യമായി കൈമാറി വന്നതാണെന്ന് ഗൗഡ് കുടുംബം അവകാശപ്പെടുന്നു.