കൊവിഡ്-19ന് എതിരായ പ്രതിരോധ ശേഷി ഏതാനും മാസങ്ങള്‍ കൊണ്ട് തന്നെ നഷ്ടമാകുമെന്ന് ഗവേഷകര്‍. സാധാരണ പനിയും, ജലദോഷവും പോലെ വര്‍ഷാവര്‍ഷം വൈറസ് ആളുകളെ പിടികൂടിയേക്കാമെന്നും ഗവേഷകര്‍ പറയുന്നു. ഇതോടെ ജനസംഖ്യക്ക് സ്വയം പ്രതിരോധശേഷി രൂപപ്പെടുന്ന ഹെര്‍ഡ് ഇമ്മ്യൂണിറ്റി ഉപയോഗിച്ച് വൈറസിനെ തോല്‍പ്പിക്കാമെന്ന പ്രതീക്ഷയാണ് അസ്ഥാനത്താകുന്നത്.
കിംഗ്സ് കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞരാണ് രോഗികളിലെയും, ഹെല്‍ത്ത്കെയര്‍ ജീവനക്കാരിലെയും പ്രതിരോധ പ്രതികരണങ്ങള്‍ പഠിച്ചത്. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് മൂന്നാം ആഴ്ചയില്‍ ആന്റിബോഡി ഉയര്‍ന്ന അളവില്‍ കാണുകയും പിന്നീട് താഴുകയും ചെയ്യുന്നതായാണ് ഇവര്‍ കണ്ടെത്തിയത്.
വൈറസിനെതിരെ നല്ല രീതിയില്‍ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുന്നതായി പഠനത്തിന് നേതൃത്വം നല്കിയ ഡോ. കാറ്റി ഡൂര്‍സ് വ്യക്തമാക്കി. എന്നാല്‍ ചുരുങ്ങിയ കാലത്തിന് ശേഷം ഇത് കുറയുന്നു. എത്രത്തോളം ആന്റിബോഡി പ്രവര്‍ത്തിച്ചുവെന്നത് അനുസരിച്ചാണ് ഇതിന്റെ ആയുസ്സും, ഡോ. കാറ്റി കൂട്ടിച്ചേര്‍ത്തു.
ഇതോടെ കഠിനമായ രീതിയില്‍ രോഗം ബാധിക്കുന്നവരില്‍ ആന്റിബോഡി ലെവല്‍ ഉയര്‍ന്ന തോതില്‍ രേഖപ്പെടുത്തുമെന്നാണ് സ്ഥിരീകരിച്ചത്. വാക്സിന് കൊണ്ടുള്ള സംരക്ഷണം ദീര്‍ഘകാലം ഉണ്ടാകില്ലെന്നും, വര്‍ഷത്തില്‍ ഇതിന്റെ ഫോര്‍മുല മാറ്റേണ്ടി വരുമെന്നും ഗവേഷകര്‍ കരുതുന്നു.