ചൈനീസ് ലാബില്‍ നിന്നാണ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണാവൈറസിന്റെ വരവെന്ന സംശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുന്നു. വുഹാനിലെ മൃഗമാംസ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് ശാസ്ത്രീയമായി കരുതുന്നതെങ്കിലും ചൈനീസ് നഗരത്തിലെ ലാബില്‍ നിന്നും വൈറസ് ചോര്‍ന്നതാണെന്ന സംശയങ്ങളാണ് ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഇപ്പോള്‍ പരിശോധിക്കുന്നത്.
ചൈനയിലെ നൂതനമായ ലാബ് സംവിധാനമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വുഹാനിലാണ് സ്ഥിതി ചെയ്യുന്നത്. കുപ്രശസ്തമായ വന്യമൃഗ വിപണിയില്‍ നിന്നും 10 മൈല്‍ മാത്രം അകലെയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന വൈറോളജി യൂണിറ്റുള്ളത്. ഏറ്റവും സുരക്ഷിതം എന്ന് അധികൃതര്‍ അവകാശപ്പെടുന്ന ഈ ലാബില്‍ സംഭവിച്ച വീഴ്ചയെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
വവ്വാലുകളില്‍ പരീക്ഷണം നടത്തുന്നതിനിടെ ഈ ലാബിലെ ജീവനക്കാരുടെ ദേഹത്തേക്ക് രക്തം തെറിച്ച് വീഴുകയും ഇവര്‍ വൈറസ് പ്രാദേശിക ജനതയിലേക്ക് പകരുകയുമാണ് ചെയ്തതെന്നാണ് ഈ റിപ്പോര്‍ട്ട് ആരോപിക്കുന്നത്. വുഹാനിലെ മറ്റൊരു ഇന്‍സ്റ്റിറ്റ്യൂട്ടായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ലാബിലും കൊറോണാ വൈറസിന്റെ പകര്‍ച്ചവ്യാധിയെക്കുറിച്ച് പരിശോധിക്കാന്‍ വവ്വാലുകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളില്‍ പരീക്ഷണം നടത്തിയിരുന്നതായാണ് കരുതുന്നത്.
വുഹാനിലെ ലാബില്‍ സൃഷ്ടിച്ചതാകില്ലെങ്കിലും ഇവിടെ നിന്നും രക്ഷപ്പെട്ടതാകാം കൊവിഡ്-19 എന്നാണ് ന്യൂജഴ്സി റുട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ വാക്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയോളജിയെ ബയോസെക്യൂരിറ്റി വിദഗ്ധന്‍ പ്രൊഫ. റിച്ചാര്‍ഡ് ബ്രൈറ്റ് പറയുന്നത്. കൊവിഡ്-19 സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളില് നിന്നാണ് പുറത്തുവന്നതെന്ന് സൗത്ത് ചൈന യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി പഠനം റിപ്പോര്‍ട്ട് ചെയ്തെങ്കിലും പ്രസിദ്ധീകരിച്ചതിന് പിന്നാലെ ശാസ്ത്രജ്ഞര്‍ക്കും, ഗവേഷകര്ക്കുമായുള്ള സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റില്‍ നിന്നും ഈ പഠനം നീക്കം ചെയ്യപ്പെട്ടു.