ഇന്ത്യക്ക് ആശ്വാസവാര്‍ത്ത; ആദ്യമായി ആക്ടീവ് കേസുകളെ മറികടന്ന് രോഗമുക്തി നേടിയവരുടെ എണ്ണം

Coronavirus recovery rate India crosses active cases for first time

0
197

ഇന്ത്യയില്‍ 9985 പുതിയ കേസുകള്‍ കൂടി കണ്ടെത്തിയതോടെ പുതിയ കൊറോണാവൈറസ് ബാധിതരുടെ എണ്ണം 2.76 ലക്ഷം തൊട്ടു. 270 പേര്‍ കൂടി വൈറസിന് ഇരകളായതോടെ 7745 ആണ് മരണസംഖ്യ. നിലവില്‍ 1,33,632 ആക്ടീവ് കൊവിഡ്-19 കേസുകളാണുള്ളത്. 1,35,205 പേര്‍ക്ക് രോഗം ഭേദമായി. ഇന്ത്യയിലെ രോഗമുക്തി നിരക്ക് 48.9 ശതമാനമായി ഉയര്‍ന്നു.

വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയതാണ് സ്ഥിരീകരിച്ച കേസുകള്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്, 90787. രണ്ടാമതുള്ള തമിഴ്‌നാട്ടില്‍ 34914 കേസും, ഡല്‍ഹിയില്‍ 31309 കേസും, ഗുജറാത്തില്‍ 21014, ഉത്തര്‍പ്രദേശില്‍ 11335, രാജസ്ഥാന്‍ 11245, മധ്യപ്രദേശ് 9849 എന്നിങ്ങനെയാണ് കേന്ദ്ര ആരോഗ്യ വകുപ്പ് പങ്കുവെയ്ക്കുന്ന കണക്ക്.

കൊറോണയുടെ ദുരന്തഫലം ഏറ്റവും കൂടുതല്‍ നേരിടുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പറയുന്നു. എന്നാല്‍ രോഗമുക്തി നേടിയവരുടെ എണ്ണം ആകെയുള്ള ആക്ടീവ് കേസുകളെ ആദ്യമായി മറികടന്നത് വലിയ ആശ്വാസമായി മാറുകയാണ്. കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമാകുന്നത് കൊറോണയെ ഭയപ്പെട്ട് കഴിയുന്ന ജനവിഭാഗങ്ങള്‍ക്കും ആശ്വാസമേകുന്നു.

അതേസമയം കൃത്യമായി സാമൂഹിക അകലവും, ആരോഗ്യ സംരക്ഷ നടപടികളും പാലിച്ചാല്‍ മാത്രമാണ് വൈറസിന്റെ മുന്നേറ്റം പിടിച്ച് നിര്‍ത്താന്‍ രാജ്യത്തിന് സാധിക്കുകയുള്ളുവെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.