മനുഷ്യന് ഒരു പ്രത്യേക തരം ജീവിയാണ്. സംശയമുണ്ടോ? എങ്കില്‍ ഒന്ന് ചിന്തിച്ച് നോക്കൂ, കഴിഞ്ഞ പ്രളയ കാലത്തെ അനുഭവങ്ങള്‍ കൊണ്ട് എന്തെല്ലാം മാറ്റങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമെന്ന് പറഞ്ഞവരാണ് നമ്മള്. പ്രളയം കഴിഞ്ഞ്, പ്രളയ ഫണ്ട് കണ്ടവന് കൊണ്ടുപോകുകയും ചെയ്തതിന് പിന്നാലെ മനുഷ്യന് പഴയതിലും ഗംഭീരമായി അഹന്ത പ്രകടമാക്കി. രാഷ്ട്രീയത്തിന്റെയും, മതത്തിന്റെയും, സ്വന്തം കാര്യത്തിന്റെയും പേരില്‍ വീണ്ടും സജീവമായി. ഒരുമയോടെ പിടിച്ച കൈകള്‍ സോഷ്യല്‍ മീഡിയ സഹായത്തോടെ അറുത്തുമാറ്റപ്പെട്ടു.
പക്ഷെ കാലം അവിടെയും കരുണ കാണിച്ചില്ല. ചൈനയില്‍ നിന്ന് ഇറ്റലിയും, ദുബായും വഴി കടലും കടന്ന് എത്തിയിരിക്കുന്നു ഒരു ‘ചിന്ന വൈറസ്’. കൊറോണയെന്ന പേര് കേട്ടാലേ ഒരു അപലക്ഷണമുണ്ട്. പറഞ്ഞിട്ടെന്ത് കാര്യം അഹന്ത കൊണ്ട് ഓടിനടന്ന നമ്മളെ ദാ വീടുകളിലും, ഫ്ളാറ്റുകളിലും പിടിച്ചിരുത്താന്‍ ആ ചിന്ന വൈറസിനെ കൊണ്ട് സാധിച്ചിരിക്കുന്നു. നാല് ചുമരുകള്‍ക്ക് അപ്പുറം കടക്കാന്‍ സാധിക്കാതെ മനുഷ്യനെ ലോക്ക് ചെയ്തത് കണ്ണുകൊണ്ട് പോലും കാണാനില്ലാത്ത ഒരു എതിരാളി വന്നപ്പോഴാണെന്ന് ഓര്‍ക്കണം.
ജോലി കിട്ടിയിട്ട് ലീവെടുക്കാന്‍ കൊതിച്ച മലയാളിക്ക് ലോക്ക്ഡൗണ്‍ അസഹനീയം!
ഇതൊരു പഴമൊഴിയാണ്. എന്നാലും ജോലിത്തിരക്ക് ഉച്ചസ്ഥായില്‍ എത്തുമ്പോള്‍ നമ്മള് പലപ്പോഴും മനസ്സില്‍ ചിന്തിച്ച കാര്യമാണ് ഈ ലീവെടുപ്പ് മഹാമഹം. ഒരു ലോട്ടറി അടിച്ചാല്‍ ഇന്ന് തന്നെ രാജിക്കത്ത് എഴുതിവെച്ച് സമാധാനമായി ജീവിക്കണമെന്ന് നല്ലൊരു ശതമാനം ആളുകളും ഏതെങ്കിലും ഘട്ടത്തില്‍ ചിന്തിച്ചിട്ടുണ്ട്.
അതൊന്നും ഫലം കാണാതിരിക്കുമ്പോഴാണ് കൊറോണാവൈറസ് മൂലം 21 ദിവസങ്ങള്‍ വീടിനകത്ത് ഒതുങ്ങിക്കൂടി ഇരിക്കാന്‍ അവസരം ലഭിക്കുന്നത്. മതിയാവോളം ഉറങ്ങി നൈസായിട്ട് അങ്ങട് ഇരിക്കാന്‍ അവസരം കിട്ടിയപ്പോഴാകട്ടെ നമുക്ക് എങ്ങിനെയെങ്കിലും പുറത്തിറങ്ങിയാല്‍ മതിയെന്നായിരിക്കുന്നു. 21 ദിവസത്തെ ലോക്ക്ഡൗണ്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ദിവസങ്ങളുണ്ടെന്ന് മറന്നാണ് ഈ ചൊറിച്ചില്‍.

കുടിക്കാന്‍ വെള്ളമില്ലെങ്കിലും ബിവറേജ് വേണം!
ലോക്ക്ഡൗണ്‍ മൂലം ഭക്ഷണസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍. പക്ഷെ ഇതിനിടയില്‍ മലയാളികള്‍ക്ക് ചെറിയൊരു ആഗ്രഹം കൂടിയുണ്ട്. പറഞ്ഞുവരുന്നത് മലയാളത്തിന്റെ അഭിമാനമായ ബിവറേജസ് കോര്‍പ്പറേഷന്റെ കാര്യമാണ്. രാജ്യം മുഴുവന്‍ അടച്ചുപൂട്ടാല് അങ്ങ് കേന്ദ്രത്തില്‍ നിന്ന് ഉത്തരവ് വന്നതോടെ വഴിമുട്ടിയാണ് സര്‍ക്കാര്‍ ബിവറേജ് (പാനീയം എന്നല്ല വിദേശമദ്യം എന്ന് പ്രത്യേകിച്ച് പറയണം) കേന്ദ്രങ്ങള്‍ക്ക് താഴിട്ടത്.
ഒന്നാം തീയതിയിലെ ഡ്രൈ ഡേ കടന്നുകൂടാന്‍ പാടുപെടുന്ന മലയാളത്തിലെ വമ്പന്‍ കുടിയന്മാര് നെട്ടോട്ടം ഓടിത്തുടങ്ങിയിട്ടുണ്ട്. ചിലര്‍ ആത്മഹത്യ ചെയ്യുന്നു, സഹിക്കാന്‍ കഴിയാത്ത ചിലരെ വിമുക്തി കേന്ദ്രങ്ങളിലെത്തിക്കുന്നു, എന്തൊക്കെ പറഞ്ഞാലും മലയാളികളുടെ കുടി നിര്‍ത്താന്‍ സര്‍ക്കാര്‍ വര്‍ഷാവര്‍ഷം വില കൂട്ടി ആത്മാര്‍ത്ഥത കാണിക്കുന്നതിന് ഫലമില്ലെന്ന് പറഞ്ഞുകൂടാ, വെല്‍ഡണ്‍ ബോയ്സ്!
വീട്ടിലെ കഞ്ഞിക്ക് പയര്‍ തന്നെ ഓവറാ!
ജോലിക്ക് പോകുമ്പോള്‍ വഴിയില്‍ നിന്ന് കിട്ടുന്നതെല്ലാം വാരിത്തിന്നുന്ന ശീലം ലോക്ക്ഡൗണ്‍ മൂലം മുടങ്ങി. പുകവലി, ചായയ്ക്ക് ലൈറ്റായിട്ട് പൊറോട്ടയും, ബീഫും തുടങ്ങിയ ചടങ്ങുകള്‍ക്കും ലോക്ക് വീണു. അമ്മ ഉണ്ടാക്കിത്തരുന്നത് കഞ്ഞി ആണെങ്കിലും സൈഡ് ആയിട്ട് ബീഫ് ഫ്രൈയ്ക്ക് പകരം പയര്‍ കിട്ടിയാലും കുഴപ്പമില്ലെന്ന് വന്നിരിക്കുന്നു.
ലോക്ക്ഡൗണ്‍ കൊണ്ട് ഗുണമില്ലെന്ന് കണ്ണടച്ച് പറഞ്ഞുകൂടാ.

ഈ സീരിയലുകള്‍ ഇത്രയ്ക്ക് സംഭവമായിരുന്നോ!
‘ച്ഛേ വെറുതെ ഇത്രയും നാള് സീരിയലുകളെ പുച്ഛിച്ചു. ഭദ്രയില്‍ ആ കൊച്ചിന് എന്ത് സംഭവിക്കുമോ എന്തോ!’
പറഞ്ഞുവരുന്നത് ചാനലിലെ മെഗാ സീരിയലിനെക്കുറിച്ചാണ്. വീട്ടില്‍ കയറാത്തവന്‍ വരെ വീട്ടിലിരിക്കുന്ന അവസ്ഥയില്‍ സീരിയലിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന തിരിച്ചറിവ് വലുതാണ്. ഇതിപ്പോള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ആറരയ്ക്ക് മുന്‍പ് വീട്ടില്‍ തിരിച്ചെത്തി സീരിയല്‍ കാണേണ്ട അവസ്ഥയിലേക്കാണ് പോക്ക്!
ഫലത്തില്‍ കൊറോണാവൈറസ് മലയാളികളെ വീട്ടിലിരുത്തിയപ്പോള്‍ ഇങ്ങനെ പല അവസ്ഥകള്‍ക്കും നമ്മള് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. എന്ത് ചെയ്യാം കൊറോണയ്ക്ക് അറിയില്ലല്ലോ, മലയാളി ഫയങ്കര സംഭവമാണെന്ന്!