പുകയില ചെടിയില്‍ നിന്നും കൊറോണാവൈറസ് വാക്‌സിന്‍; അവകാശവാദവുമായി സിഗററ്റ് കമ്പനി; ചിരിച്ചുതള്ളാന്‍ വരട്ടെ!

A tobacco company develops corona vaccine!

0
325

പുകയില ചെടിയില്‍ നിന്നും കൊറോണാവൈറസിന് എതിരായ വാക്‌സിന്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട് സിഗററ്റ് നിര്‍മ്മാണ കമ്പനി രംഗത്ത്. ബെന്‍സണ്‍ & ഹെഡ്ജസ്, ലക്കി സ്‌ട്രൈക്ക് സിഗററ്റുകളുടെ നിര്‍മ്മാതാക്കളായ ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോയാണ് കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ റെഡിയാണെന്ന വാദവുമായി രംഗത്ത് വന്നിരിക്കുന്നത്.

യുകെ സര്‍ക്കാര്‍ പിന്തുണ ലഭ്യമാക്കിയാല്‍ ജൂണ്‍ മുതല്‍ മൂന്ന് മില്ല്യണ്‍ ഡോസുകള്‍ ആഴ്ചയില്‍ നിര്‍മ്മിക്കാമെന്നാണ് കമ്പനി വാഗ്ദാനം. അംഗീകാരം ലഭിക്കാത്ത വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ച് വരികയാണ്. എന്നാല്‍ വേഗത്തില്‍ തന്നെ ഇത് മനുഷ്യരിലും പരീക്ഷിക്കാനുള്ള അനുമതിയാണ് ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ (ബാറ്റ്) ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സാധ്യമാക്കിയാല്‍ ജൂണില്‍ തന്നെ പ്രതിരോധ മരുന്ന് രംഗത്തിറക്കി ബാക്കിയുള്ള വര്‍ഷം രക്ഷപ്പെടുത്താമെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു.

മഹാമാരിക്ക് എതിരായ പോരാട്ടത്തിന്റെ ഭാഗമാകുകയാണ് തങ്ങളെന്ന് ബാറ്റ് പറയുന്നു. 65.6 ബില്ല്യണ്‍ പൗണ്ട് മൂല്യമുള്ള കമ്പനിയാണിത്. ലണ്ടന്‍ ആസ്ഥാനമായുള്ള സ്ഥാപനം സര്‍ക്കാരിന് പരീക്ഷണത്തിനുള്ള മരുന്ന് ലാഭം എടുക്കാതെ നല്‍കാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാല്‍ പുകയില കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് നിലവില്‍ ലോകാരോഗ്യ സംഘടനയുടെ വിലക്കുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ലോകാരോഗ്യ സംഘടനയെ നേരിട്ട് ബന്ധപ്പെടാനും ബാറ്റ് ഉദ്ദേശിക്കുന്നുണ്ട്. വാക്‌സിന്‍ സംബന്ധമായി യുഎസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷനെയും, യുകെ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെയും സമീപിച്ചതായും കമ്പനി വ്യക്തമാക്കി.

മുന്‍പ് എബോള പ്രതിരോധത്തില്‍ ഫലപ്രദമായ സിമാപ്പ് ഇറക്കിയ കമ്പനിയുടെ സഹസ്ഥാപനമായ യുഎസിലെ കെന്റക്കി ബയോ പ്രൊസസിംഗുമായി (കെപിപി) ചേര്‍ന്നാണ് വാക്‌സിന്‍ തയ്യാറാക്കുന്നത്. കൊറോണാവൈറസിന്റെ ജനിതക ഘടനയെ ക്ലോണ്‍ ചെയ്ത് ആന്റിജെന്‍ വികസിപ്പിക്കാന്‍ കെബിപി ഗവേഷകര്‍ക്ക് സാധിച്ചെന്നാണ് ബാറ്റ് പറയുന്നത്. ഇത് കുത്തിവെച്ചാല്‍ പ്രതിരോധ ശേഷി പുറമെ നിന്നെത്തിയ ആന്റിജെനെതിരെ പോരാടും. ഫലത്തില്‍ വൈറസിനെയും തുരത്തും.