5000 രൂപയുടെ കൊറോണ മരുന്ന് 20,000ന് വിറ്റു; മെഡിക്കല്‍ ഷോപ്പുകാരന്‍ അറസ്റ്റില്‍

Corona drug in black market

0
304

ലാഭം കിട്ടുന്ന സമയം നോക്കി കൊയ്യണം. അതാണല്ലോ കച്ചവടത്തിന്റെ നിയമം. എന്നാല്‍ കൊറോണാകാലം നോക്കി മരുന്നിന് അമിതവില ഈടാക്കിയ മെഡിക്കല്‍ ഷോപ്പുകാരന്‍ ഇപ്പോള്‍ കമ്പിയെണ്ണുകയാണ്. മുംബൈയിലാണ് ആന്റി-വൈറല്‍ മരുന്നായ റെംഡെസിവിര്‍ നാലിരട്ടി വിലയ്ക്ക് വിറ്റതിന് കടയുടമയെ പോലീസ് പൊക്കിയത്.

വില കുത്തനെ കൂട്ടി മരുന്ന് വിറ്റതിന് ഷോപ്പ് ഉടമ സോനു ദര്‍ശി (25), സഹജീവനക്കാരന്‍ റോഡ്രിഗസ് റൗള്‍ (31) എന്നിവരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റമറായി രൂപംമാറി പോലീസ് സംഘം ബന്ധപ്പെട്ടപ്പോള്‍ 5400 രൂപയുടെ മരുന്നിന് 20,000 രൂപയാണ് ഇവര്‍ വില പറഞ്ഞത്. മരുന്ന് പോലീസിന് തന്നെ ഈ വിലയ്ക്ക് വില്‍ക്കാന്‍ നോക്കിയതോടെ കൈയോടെ പിടികൂടുകയും ചെയ്തു.

ഒരു ആശുപത്രിയില്‍ നിന്നാണ് മരുന്ന് സംഘടിപ്പിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വിപുലമായ ശൃംഖല തന്നെ ഇതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. കൊറോണാവൈറസിന് എതിരെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന മരുന്നാണ് റെംഡെസിവിര്‍. അവസരം മുതലെടുത്ത് കരിഞ്ചന്തയില്‍ വില്‍പ്പന നടത്താന്‍ സംഘടിതമായി ശ്രമം നടക്കുന്നതായി വ്യക്തമായതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മഹാരാഷ്ട്രയില്‍ മരുന്നിന്റെ കരിഞ്ചന്ത വില്‍പ്പന ശക്തമാണെന്നാണ് വിവരം.