ഓരോ വ്യക്തികള്‍ക്കും നിരവധി കുറ്റങ്ങളും, കുറവുകളും കാണും. പക്ഷെ തുടര്‍ച്ചയായി ഇത് ചൂണ്ടിക്കാണിക്കുന്നത് കൊണ്ട് ഗുണമല്ല, മറിച്ച് പങ്കാളിയുടെ മരണം നേരത്തെയാകാന്‍ കാരണമാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
പങ്കാളിയില്‍ നിന്നും പതിവായി വിമര്‍ശനം ഏറ്റുവാങ്ങുന്ന പ്രായമായ വ്യക്തികള്‍ അഞ്ച് വര്‍ഷത്തിനകം തന്നെ മരണത്തെ പുല്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയത്. വിമര്‍ശനം കുറച്ച് ഏറ്റുവാങ്ങിയവരേക്കാള് ഇരട്ടി വേഗത്തില്‍ ഇവര്‍ മരണപ്പെട്ടതായി അരദശകം ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കി.
ആണിനും, പെണ്ണിനും ഒരേ പ്രത്യാഘാതം
തുടര്‍ച്ചയായ വിമര്‍ശനം ശരീരത്തിന് ദൂഷ്യമുണ്ടാക്കുന്ന സമ്മര്‍ദത്തിന് വഴിവെയ്ക്കുമെന്ന് മുഖ്യ ഗവേഷക പ്രൊഫ. ജമീല ബുക്ക്വാല ചൂണ്ടിക്കാണിച്ചു. ഇതില്‍ ആണ്-പെണ് വ്യത്യാസമില്ലെന്നതും ശ്രദ്ധേയമാണ്. ആരോഗ്യത്തിന് പുറമെ സ്വസ്ഥത, രോഗങ്ങള്‍ എന്നിവയിലും നെഗറ്റീവ് ആഘാതമാണ് ഇത് വരുത്തിവെയ്ക്കുന്നത്. ഇതിനൊപ്പം മരണവും നേരത്തെയാക്കും, അവര്‍ പറഞ്ഞു.
പെന്‍സില്‍വാനിയ ലാഫായെറ്റ് കോളേജിലെ ഗവേഷക സംഘമാണ് ഇക്കാര്യം പരിശോധിച്ചത്. ‘എളുപ്പത്തില്‍ കാര്യം പറഞ്ഞാല്‍- പങ്കാളിയെ കുറ്റം പറയുന്നത് നിര്‍ത്തുക, ഇത് അവരുടെ ആരോഗ്യത്തിലും, എത്ര നാള് ജീവിക്കുന്നുവെന്നതിലും നെഗറ്റീവ് ഫലങ്ങളാണ് സൃഷ്ടിക്കുന്നത്’, ഹെല്‍ത്ത് സൈക്കോളജി ജേണലില്‍ ഗവേഷണം പ്രസിദ്ധീകരിച്ച പ്രൊഫ. ബുക്ക്വാല ഓര്‍മ്മിപ്പിച്ചു.