തലകള്‍ വേര്‍പ്പെടുത്തി; ആ ഇരട്ടകള്‍ രണ്ടായി; പുനര്‍ജന്മമെന്ന് മാതാപിതാക്കള്‍

These conjoined twins got a rebirth

0
342

തലകള്‍ കൂടിച്ചേര്‍ന്ന നിലയിലാണ് അവര്‍ പിറന്നത്. ലോകത്തില്‍ തന്നെ അപൂര്‍വ്വമായ ജനനം. ഒന്നര വയസ്സും കടന്ന് അവര്‍ മുന്നോട്ട് പോയെങ്കിലും രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്നതിന് മുന്‍പ് ഒരു അത്ഭുതം സംഭവിച്ചു. അവരുടെ ഒന്നായ തലകള്‍ രണ്ടായി വേര്‍പ്പെടുത്തി. യിജിത്ത്, ഡെര്‍മാന്‍ എന്നിവര്‍ ഇനി രണ്ട് വ്യക്തികളായി ജൂണ്‍ 21ന് ജന്മദിനം ആഘോഷിക്കും.

തുര്‍ക്കിയിലെ അന്റാല്യയില്‍ ജനിച്ച കുഞ്ഞുങ്ങളെ ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രിയില്‍ എത്തിച്ചാണ് സങ്കീര്‍ണ്ണമായ സര്‍ജറി നടത്തിയത്. മൂന്ന് ഓപ്പറേഷനുകളാണ് ഇവര്‍ക്ക് നടത്തേണ്ടി വന്നത്. ജനുവരി 28ന് ഇവരെ വേര്‍പിരിച്ചു. അന്ന് മുതല്‍ വിവിധ ചികിത്സകള്‍ നല്‍കി സസൂക്ഷ്മം ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു.

പുനര്‍ജന്മം നേടിയെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് കുട്ടികളെ രക്ഷിതാക്കള്‍ സ്വദേശത്തേക്ക് കൊണ്ടുപോയത്. തുര്‍ക്കി ആരോഗ്യ മന്ത്രാലയത്തിന്റെ എയര്‍ ആംബുലന്‍സിലാണ് കുഞ്ഞുങ്ങളുമായി രക്ഷിതാക്കള്‍ മടങ്ങിയത്.

കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനോ, വെള്ളം കുടിക്കാനോ പ്രശ്‌നങ്ങളിലെന്ന് പിതാവ് ഒമര്‍ പറഞ്ഞു. എല്ലാ സാധാരണ നിലയിലായി. അവര്‍ ജീവിതം വീണ്ടും തുടങ്ങും, അവര്‍ക്കിത് പുനര്‍ജന്മം തന്നെയാണ്, ഒമര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ സഹിച്ചുവന്ന അവസ്ഥ അവസാനിച്ചതിന്റെ സന്തോഷത്തിലാണ് അമ്മ ഫാത്മ. ഒരു സ്വപ്‌നം മാത്രമായി കരുതിയ വേര്‍പെടുത്തല്‍ സംഭവിച്ചത് കണ്ടതോടെ മാതാപിതാക്കള്‍ സന്തോഷത്തിന്റെ കൊടുമുടിയിലാണ്.