
കൊവിഡ്-19ല്‍ നിന്നും രക്ഷപ്പെടണോ? 20 സെക്കന്‍ഡ് കൈകള്‍ സോപ്പും, വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകാനാണ് ഔദ്യോഗികമായി ഉപദേശം. ലോകത്തില്‍ ജീവനുകള്‍ കവരുന്ന വേഗം പരിഗണിച്ചാല്‍ എന്ത് ചെയ്യാന്‍ പറഞ്ഞാലും അനുസരിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം.
പരിഭ്രാന്തി മൂത്തതോടെ മാസ്കും, ഹാന്‍ഡ് സാനിറ്റൈസറുകളും കിട്ടാനില്ലാത്ത അവസ്ഥയാണ്. വ്യക്തി ശുചിത്വവും, മറ്റ് വ്യക്തികളില്‍ നിന്നും അകലം പാലിച്ചും വൈറസില്‍ നിന്ന് രക്ഷപ്പെട്ടെന്ന് ആശ്വസിച്ച് ഇരിക്കുമ്പോള്‍ ‘കൈയെത്തും ദൂരത്തുള്ള’ അപകടത്തെ നമ്മള് മറക്കുകയാണ്.
ഒരു നിമിഷം പോലും മാറ്റിവെയ്ക്കാന്‍ കഴിയാത്ത ആ സുഹൃത്ത് നമ്മുടെ സ്മാര്‍ട്ട്ഫോണുകളാണ്. ഓരോ സെക്കന്‍ഡിലും തൊട്ടുനോക്കുന്ന സ്മാര്‍ട്ട്ഫോണുകളുടെ സ്ക്രീന്‍ ബാക്ടീരിയയുടെ ഇഷ്ടകേന്ദ്രമാണ്. മുഖത്ത് മുട്ടിക്കാതെ ഫോണില്‍ സംസാരിക്കാന്‍ എത്ര പേര് ശ്രദ്ധിക്കാറുണ്ട്? ഫോണ്‍ മുഖത്ത് സ്പര്‍ശിക്കുമ്പോള്‍ ഈ കീടാണുക്കളും, ബാക്ടീരിയയും കവിളിലേക്ക് എത്തിച്ചേരും.
കൊറോണാവൈറസ് പ്ലാസ്റ്റിക്, സ്റ്റീല്‍ പ്രതലങ്ങളില്‍ മൂന്ന് ദിവസം വരെ ജീവനോടെ കാണുമെന്നാണ് പഠനം. അങ്ങിനെ നോക്കിയാല്‍ സ്വന്തം കൈകള്‍ക്കൊപ്പം ഈ ഫോണും വൃത്തിയാക്കേണ്ടത് ആവശ്യമാണ്. കൈ സോപ്പിട്ട് കഴുക്കാന്‍ എളുപ്പമാണെങ്കിലും കാശ് കൊടുത്ത് വാങ്ങിയ ഫോണിന് ഈ വഴി പ്രയോഗിക്കാന്‍ സാധിക്കില്ല.
കേട്ടപാതി കീടനാശിനി ഒന്നും എടുത്ത് ഫോണില്‍ പ്രയോഗിക്കരുത്, സംഗതി നാശമാകും. ഇതിന് പകരം അണുവിമുക്തമാക്കുന്ന 70% ഐസൊപ്രൊഫൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ വൈപ്പുകള്‍ ലഭ്യമാണ്. ആപ്പിള്‍ കമ്പനി ക്രോറോക്സ് വൈപ്പുകളാണ് ഫോണ്‍ വൃത്തിയാക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.
അധികമായി വൈപ്പ് ഉപയോഗിച്ച് സ്ക്രീന്‍ കേടാക്കരുതെന്നും ആപ്പിള്‍ ഉപദേശിക്കുന്നു. അപ്പോള്‍ കൈ കഴുകുന്നതിനൊപ്പം സ്മാര്‍ട്ട്ഫോണ്‍ വൃത്തിയാക്കാനും മറക്കേണ്ട!