അടുക്കളയിലെ പണികള്‍ മുഴുവന്‍ തീര്‍ന്നുകഴിഞ്ഞാല്‍ പിന്നെ ബാക്കിയുള്ള പണി ഏറ്റവും വലിയ തലവേദനയാണ്. ഭക്ഷണം പാകം ചെയ്തതും, അതുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളും പൂര്‍ത്തിയാക്കിയ ശേഷമുള്ള വൃത്തിയാക്കല്‍ മഹാമഹം വളരെ പ്രധാനമാണ്. എന്നാല്‍ ഇതിനൊന്നും മിനക്കെടാത്ത വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം.
അടുക്കളയിലെ ചില ഭാഗങ്ങള്‍ ദിവസവും വൃത്തിയാക്കേണ്ടതുണ്ട്. ഭക്ഷ്യവിഷബാധയിലേക്കും, ടൈഫോയ്ഡ്, വയറ്റിളക്കം പോലുള്ളവയില്‍ ചെന്നുകലാശിക്കുന്നതുമായ കീടാണുക്കള്‍ ഈ ഭാഗങ്ങളില്‍ സജീവമാണ്. കിച്ചണ്‍ സിങ്കിന് താഴെയുള്ള ഭാഗമാണ് അതില്‍ ഒന്ന്.
പല പൈപ്പുകളും പോകുന്നതിനാല്‍ ഇവിടെ ഈര്‍പ്പം നിലനില്ക്കാനും കീടാണുക്കളുടെ വിഹാര കേന്ദ്രമാകാനും സാധ്യത കൂടുതലാണ്. ഡ്രെയിനേജില്‍ നിന്നുള്ള പാറ്റകള്‍ ഉള്‍പ്പെടെയുള്ളവ ഇതുവഴി പുറത്തുവരും. അതുകൊണ്ട് തന്നെ കീടാണുക്കളുടെ സ്ഥലമാക്കി ഇവിടം മാറാതെ ഫിനൈല്‍ അടങ്ങിയ ഉത്പന്നം ഉപയോഗിച്ച് വൃത്തിയാക്കണം.
അടുക്കളയിലെ സ്ലാബാണ് മറ്റൊരു പ്രശ്നബാധിത കേന്ദ്രം. വെള്ളം നനച്ച തുണി ഉപയോഗിച്ച് തുടച്ചാല്‍ വൃത്തിയാക്കല്‍ കഴിയുന്നില്ല. ഇവിടെ തങ്ങിനില്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കീടാണുക്കളെ വളര്‍ത്തും. അതുകൊണ്ട് ബേക്കിംഗ് സോഡയും, വിനാഗിരിയും ചേര്‍ത്ത് വീട്ടില്‍ തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കല്‍ നടത്താം.
ഭക്ഷണം തയ്യാറാക്കുന്ന കുക്ക് ടോപ്പും, ഗ്യാസ് സ്റ്റൗവും ദിവസേന വൃത്തിയാക്കേണ്ടത് തന്നെ. മൈക്രോവേവ് ഓവനും ഇത്തരത്തില്‍ വൃത്തിയാക്കണം. മിക്സിയുടെ ജാറുകള്‍ കഴുകുമ്പോള്‍ ഇവയുടെ ബ്ലേഡുകള് മാറ്റി വൃത്തിയാക്കാന്‍ ശ്രമിക്കണം. ഇതിന് പുറമെ അടുക്കളയില്‍ ഉപയോഗിക്കുന്ന തുണിയും, കിച്ചണ്‍ സിങ്കും വൃത്തിയാക്കാന്‍ മറക്കരുത്.