യുവന്റസ് ടീമിലെ സഹതാരം കൊറോണാവൈറസിന് പോസിറ്റീവായതോടെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മദേറയിലെ വീട്ടില്‍ ക്വാറന്റൈനില്‍. സഹതാരം ഡാനിയേലി രുഗാനി കൊറോണാവൈറസ് പോസിറ്റീവായതോടെയാണ് ഈ മുന്‍കരുതല്‍ നടപടി.
അമ്മയ്ക്ക് അടുത്തിടെ സ്ട്രോക്ക് നേരിട്ടതോടെയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ സഹതാരത്തിന് വൈറസ് പിടിപെട്ടതായി വാര്‍ത്ത പുറത്തുവന്നതോടെ പകര്‍ച്ചവ്യാധി കൊണ്ടുപിടിച്ച ഇറ്റലിയിലേക്ക് മടങ്ങുന്നതിന് പകരം വീട്ടില്‍ ക്വാറന്റൈന് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച കാണികളില്ലാതെ അരങ്ങേറിയ യുവന്റസ്-ഇന്റര്മിലാന് മത്സരത്തില്‍ 2-0ന് വിജയിച്ച ശേഷം റൊണാള്‍ഡോയും, രുഗാനിയും ഡ്രസിംഗ് റൂമില്‍ ഒരുമിച്ചിരുന്നു. മത്സരം വിജയിച്ച താരങ്ങള്‍ വളരെ അടുത്തിരുന്ന് വിജയം ആഘോഷിക്കുന്ന ചിത്രം മിറാലെ പ്യാനിക് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.
രുഗാനി രോഗബാധിതനായതോടെ താരവുമായി സമ്പര്‍ക്കത്തില്‍ വന്ന ഇരുടീമുകളിലെയും താരങ്ങള്‍ക്ക് ഐസൊലേഷന്‍ വേണ്ട അവസ്ഥയാണ്. പകരക്കാരനായിരുന്ന രുഗാനിയെ മത്സരത്തില്‍ ഇറക്കിയിരുന്നില്ല. അതുകൊണ്ട് വൈറസ് അധികം പടരില്ലെന്നാണ് പ്രതീക്ഷ.
ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും ഏപ്രില്‍ 3 വരെ റദ്ദാക്കിയിട്ടുണ്ട്. അടുത്ത ആഴ്ച യുവന്റസും, ലിയോണും തമ്മില്‍ നടക്കേണ്ട ചാമ്പ്യന്‍സ് ലീഗ് മത്സരം യുവേഫ മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണാ പോസിറ്റീവാകുന്ന രണ്ടാമത്തെ പ്രൊഫഷണല്‍ ഫുട്ബോള്‍ താരമാണ് രുഗാനി.